ക്ഷീരവികസന വകുപ്പിന് കൂടുതല്‍ അധികാരം പരിഗണനയില്‍
ഷിജിത്ത് കാട്ടൂര്‍
കാസര്‍കോട്: പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ക്ഷീരവികസനവകുപ്പ്. മില്‍മയില്‍ നടപ്പാക്കുന്നതുപോലുള്ള പരിഷ്‌കരണമുണ്ടാകില്ലെങ്കിലും ക്ഷീരവികസന വകുപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ വകുപ്പില്‍ ആവശ്യമായ പുനര്‍വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്. ഇതുവഴി ഉദ്യോഗസ്ഥക്ഷാമമുള്ള യൂനിറ്റുകളില്‍ ആ പ്രശ്‌നവും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ പാല്‍ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് മീനാക്ഷിപുരം, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാറശാലയിലും ചെക്ക് പോസ്റ്റ് നിലവില്‍ വരും.
അതേസമയം, ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം നടപടി കര്‍ശനമാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ക്ഷീരവികസനവകുപ്പിന് കൂടുതല്‍ അധികാരം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പാലിന്റെ ഗുണമേന്മ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം നിലവില്‍ ക്ഷീരവികസന വകുപ്പിന് ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ കണ്ടെത്തിയാല്‍ ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറുകയാണ് നിലവില്‍ ചെയ്യുന്നത്. പിന്നീട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. ഇത് നടപടി വൈകാന്‍ ഇടയാക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയും ക്ഷീരവികസനവും രണ്ടുവകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാലും സാവകാശത്തിനിടയാക്കുന്നുവെന്ന ആക്ഷേപമുണ്ട്.
പാലില്‍ കൃത്രിമം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനുള്ള അധികാരം ക്ഷീരവികസനവകുപ്പിന് കൂടി ലഭ്യമാക്കണമെന്നാണ് ആവശ്യം. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍മാര്‍ക്ക് നടപടി സ്വീകരിക്കാനുള്ള അധികാരം കൂടി നല്‍കണമെന്നാണ് ഈ മേഖലയില്‍നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യം. ചെക്ക് പോസ്റ്റുകളടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍മാരാണ്. ഒറ്റ വകുപ്പാകുമ്പോള്‍ സാങ്കേതികത്വം കുറയുകയും നടപടി വേഗത്തിലാക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലാണ്. ഇതുസംബന്ധിച്ച നിയമവശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയിലാണ്. ഇക്കാര്യത്തില്‍ വ്യക്തതയായാല്‍ തീരുമാനം ഉണ്ടാകും.
വകുപ്പില്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതുള്‍പ്പെടെ കണക്കിലെടുത്ത് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. മലബാര്‍മേഖലയിലെ പല യൂനിറ്റുകളിലും നിലവില്‍ ഉദ്യോഗസ്ഥ ക്ഷാമമുണ്ട്. ക്ഷീരവികസന ഓഫിസര്‍മാരുടെയും ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍മാരുടെയും പി.എസ്.സി ലിസ്റ്റ് നിലവില്ലാത്തത് നിയമനത്തിന് തടസമാകുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പാലുല്‍പാദനം കുറഞ്ഞ യൂനിറ്റുകളില്‍നിന്ന് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
ക്ഷീരവികസനത്തിനും ക്ഷീര കര്‍ഷകര്‍ക്കും പ്രോത്സാഹനമാകുന്ന മില്‍ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതി, തീറ്റപ്പുല്‍ വികസന പദ്ധതി, ക്ഷീരഗ്രാമം തുടങ്ങി നിരവധി പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. നിലവില്‍ 13.34 ലക്ഷം ലിറ്റര്‍ പാലാണ് ദിനംപ്രതി മില്‍മ സംഭരിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളില്‍നിന്നും കുറഞ്ഞ അളവില്‍ മില്‍മ പാല്‍ കൊണ്ടുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."