കണ്ടെയ്‌നര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി: കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജില്ല കലക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പോര്‍ട്ട് ട്രസ്റ്റില്‍ നിന്നു ലഭിച്ച നാലേക്കര്‍ സ്ഥലത്ത് മെയ് 31നു മുന്‍പ് 50 കാലി കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. 200 ഭാരം കയറ്റിയ വാഹനങ്ങള്‍ക്കായുള്ള പാര്‍ക്കിംഗിനായി ബി.പി.സി.എല്‍ തയാറാക്കിക്കൊണ്ടിരിക്കുന്ന പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്തെ പാര്‍ക്കിങ് യാര്‍ഡ് ജൂണ്‍ 30 നു മുന്‍പ് പൂര്‍ത്തിയാക്കാനും കലളക്ടര്‍ നിര്‍ദേശിച്ചു.
കൂടാതെ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഐ.ഒ.സിയ്ക്ക് നല്‍കിയിക്കുന്ന 2.62 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജൂണ്‍ ആദ്യവാരത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. സോമ കണ്‍സ്ട്രക്ഷന്‍സ് ഉപയോഗിച്ചിരുന്ന രണ്ടേക്കര്‍ സ്ഥലം ജൂണ്‍ 15 നു മുന്‍പായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാമെന്നും പോര്‍ട്ട് ട്രസ്റ്റ് യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
കൂടാതെ കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങിനായി പോര്‍ട്ട് ട്രസ്റ്റ് തയാറാക്കുന്ന പത്തേക്കര്‍ സ്ഥലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാന്‍ സര്‍ക്കാരിനോഭ്യര്‍ഥിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മിഷണറും അസോസിയേഷന്‍ അംഗങ്ങളും അടക്കമുള്ള ഒരു യോഗം മൂന്നാഴ്ചയ്ക്കുള്ളില്‍ വിളിക്കാനും കലക്ടര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മന്ത്രിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം ബി.പി.സി.എല്‍ യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതു വരെ ബോള്‍ഗാട്ടിയിലെ അര്‍പ്പിത യാര്‍ഡ് ഉപയോഗിക്കുമെന്ന് തൊഴിലാളി സംഘടന കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
വിവിധ തൊഴിലാളി സംഘടകള്‍, ട്രക്ക് ഉടമ സംഘടന ഭാരവാഹികള്‍, ഡി.പി വേള്‍ഡ് പ്രതിനിധി, ബി.പി.സി.എല്‍, ഐ.ഒ.സി പ്രതിനിധികള്‍, ട്രെയിലര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."