കന്നി പ്രസംഗത്തില്‍ വയനാടിനായി രാഹുല്‍
കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല
ന്യൂഡല്‍ഹി: ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്. വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ മോദി വന്നതോടെയാണ് കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതെന്ന മറുപടിയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എഴുന്നേറ്റതോടെ സഭയില്‍ വാക്കേറ്റവും ബഹളവുമായി.
കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് രാഹുല്‍ ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എണ്ണായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ അവരുടെ വസ്തുവകകള്‍ ജപ്തി ചെയ്യുകയാണ്. ഇതാണ് കര്‍ഷക ആത്മഹത്യവര്‍ധിക്കാന്‍ കാരണമെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കി കര്‍ഷകരെ ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും കര്‍ഷകര്‍ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം രാജ്യത്ത് കര്‍ഷകര്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദുരവസ്ഥ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു മാത്രമുണ്ടായതല്ലെന്ന് രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ദീര്‍ഘകാലം ഈ രാജ്യം ഭരിച്ചവര്‍ക്കാണ് കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം. മോദി സര്‍ക്കാര്‍ വിളകളുടെ താങ്ങുവില ഉയര്‍ത്തിയത് പോലെ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ല. പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയിലൂടെ എല്ലാ കര്‍ഷകര്‍ക്കും ഭൂമി പരിധിയില്ലാതെ ആറായിരം രൂപ വീതം നല്‍കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതെന്നും രാജ്‌നാഥ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."