പ്രളയം: മലയോര ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി
നിലമ്പൂര്‍: പ്രളയ ദുരന്തം മലയോര മേഖലയില്‍ നാശം വിതറിയപ്പോള്‍ നിലമ്പൂരിലെ ടൂറിസം മേഖലക്ക് ഏറ്റത് വന്‍ തിരിച്ചടി. ജല ടൂറിസം കേന്ദ്രങ്ങളിലുള്‍പ്പെടെ എത്തുന്നത് ചുരുക്കം സന്ദര്‍ശകരാണ്.
വനം വകുപ്പിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം. കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ പകുതി പോലും സന്ദര്‍ശകര്‍ എത്തുന്നില്ല. പാസ് ഇനത്തില്‍ ഈ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി ശനി, ഞായര്‍ ദിവസങ്ങളില്‍ 25000 രൂപയിലേറെ ലഭിച്ചിരുന്നത് പതിനായിരം രൂപയായി കുറഞ്ഞു. ഈ ദിവസങ്ങളില്‍ കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തില്‍ നിന്നു മാത്രം 6750 രൂപ പ്രതിദിനം ലഭിച്ചിരുന്നു.
എന്നാല്‍ ഇന്നലെ ലഭിച്ചത് 1750 രുപ മാത്രമാണ്. കനോലിപ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും കളക്ഷന്‍ 5000 ത്തിലും താഴെയായിരുന്നു. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രത്തിലും സന്ദര്‍ശകരുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞു.
പ്രളയം ശരിക്കും നിലമ്പൂരിലെ ടൂറിസം മേഖലയുടെ നടുവൊടിച്ചിരിക്കുകയാണ്. ടൂറിസം മേഖലയുടെ 80 ശതമാനവും വരുമാനം ലഭിക്കുന്ന വനം വകുപ്പിന് ഇത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഇതിനെ ആശ്രയിച്ച ജീവിതം തള്ളിനീക്കുന്ന ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."