ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ അതിഥിയായി ബി.ജെ.പി മന്ത്രിയും
മുംബൈ: അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയും എം.എല്‍.എമാരും. മേയ് 19ന് നാസിക്കില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ഉന്നത പൊലിസ് മേധാവികളും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. വാര്‍ത്ത പുറത്തുവന്നതോടെ നടപടി വിവാദമായിരിക്കുകയാണ്. ദാവൂദിന്റെ ഭാര്യാസഹോദരിയുടെ മകളുടേതായിരുന്നു വിവാഹം.
മന്ത്രി ഗിരീഷ് മഹാജന്, എം.എല്‍.എമാരായ ദേവ്യാനി ഫരാന്‍ഡെ, ബാലാസാഹെബ് സനപ്, സീമ ഹിരായ്, നാസിക് മേയര്‍ രഞ്ജന ഭനാസി, ഡെപ്യൂട്ടി മേയര്‍ പ്രതമേഷ് ഗീഥെ തുടങ്ങിയവരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്തയാളാണ് മന്ത്രി ഗിരീഷ് മഹാജന്.
ഇവരെക്കൂടാതെ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥരും നിരവധി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും അതിഥികളായെത്തിയിരുന്നു. ആഭ്യന്തര അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടു. പൊലിസിന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ നാസിക് പൊലിസ് കമ്മിഷണര്‍ രവീന്ദ്ര സിംഗാളും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം, വിവാഹത്തില്‍ പങ്കെടുത്തതായി സമ്മതിച്ച മന്ത്രി, വധുവിന് ദാവൂദുമായി ബന്ധമുള്ളത് അറിഞ്ഞിരുന്നില്ലെന്നു പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."