പേരുമാറ്റത്തിനുമുണ്ട് രാഷ്ട്രീയം
രാജീവ് ഗാന്ധിയുടെ പേരിലുള്ള ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുബന്ധ സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറിന്റെ പേരിട്ടതിനെ ന്യായീകരിക്കവേ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഒരു കിടിലന്‍ ചോദ്യം ചോദിച്ചു; ജവഹര്‍ലാല്‍ നെഹ്‌റു കുട്ടനാട്ടില്‍ വന്ന് ഏത് വള്ളം തുഴഞ്ഞിട്ടാണ് നെഹ്‌റുവിന്റെ പേരില്‍ വള്ളംകളിയ്ക്ക് ട്രോഫി ഏര്‍പ്പെടുത്തിയത്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂടിനകത്തേക്ക് രാജ്യത്ത് മതാധിഷ്ഠിതമായ വിഭജനം കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുടെ ഓര്‍മ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതിനെ എത്ര പരിഹാസ്യമായാണ് ഒരു കേന്ദ്രമന്ത്രി ന്യായീകരിച്ചുകളഞ്ഞത്. ഗോള്‍വാള്‍ക്കറുടെ പേരിനെന്താണ് കുഴപ്പം, അദ്ദേഹം പണ്ഡിതനല്ലേ, ഒരു വിഭാഗം ആളുകളുടെ ആരാധ്യ പുരുഷനല്ലേ, ബനാറസ് സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്നില്ലേ എന്നൊക്കെ മറുചോദ്യങ്ങളുയരുന്നുണ്ട്. ഈ ചോദ്യോത്തര പ്രക്രിയയ്ക്കിടയില്‍ പേരുമാറ്റല്‍ രാഷ്ട്രീയത്തിനു പിന്നിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നാണ് തോന്നുന്നത്.
സ്ഥലനാമങ്ങള്‍ മാറ്റുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് പേരിടുന്നതിലൂടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിലൂടെ, പടങ്ങള്‍ അനാഛാദനം ചെയ്യുന്നതിലൂടെ പുതിയൊരു സംസ്‌കാര നിര്‍മിതിയാണ് സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത്. പാര്‍ലമെന്റ് ഹാളില്‍ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു നേരെ എതിര്‍വശത്ത് സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഗാന്ധിയ്ക്കു ബദലായി പൊതുജീവിതത്തില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കുകയാണ് അതുവഴി ചെയ്തത്. കുറച്ചു കൂടി വിശദീകരിച്ചാല്‍ ഗാന്ധി നിലക്കൊണ്ടത് ഏതെല്ലാം ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടിയായിരുന്നുവോ ഈ മൂല്യങ്ങള്‍ക്കു ബദലായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുകയാണ്. ഇത് ആസൂത്രിതമായ ഒരു പ്രക്രിയയാണ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ മൂവായിരം കോടി രൂപ മുടക്കി സ്ഥാപിക്കുമ്പോള്‍ പട്ടേലിനെ തങ്ങളുയര്‍ത്തിപ്പിടിക്കുന്ന സ്പര്‍ദ്ധയുടെ രാഷ്ട്രീയത്തോട് ചേര്‍ത്തുപിടിക്കുക മാത്രമല്ല ചെയ്യുന്നത്. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സെക്കുലര്‍ ആശയങ്ങളെ തള്ളിക്കളയാന്‍ മെനക്കെടുകയാണ്. ഗാന്ധിക്കും നെഹ്‌റുവിനുമെല്ലാം അവര്‍ മറ്റു ചിലരെ പകരം വെയ്ക്കുന്നു. ഇതൊരു ആസൂത്രിത പ്രക്രിയയാണ്. ഗോള്‍വാള്‍ക്കറെക്കൂടി അക്കമഡേറ്റ് ചെയ്യുന്ന രാഷ്ട്രീയമല്ല അത്, ഗോള്‍വാള്‍ക്കറുടേതല്ലാത്ത എല്ലാം നിരാകരിക്കുന്ന രാഷ്ട്രീയമാണ്.
പ്രയാഗ്‌രാജും ഭാഗ്യനഗറും
ഗാന്ധിയും നെഹ്‌റുവും മതേതരമൂല്യങ്ങള്‍ക്കായി ജീവിച്ചവരാണ്. അവരെ പടിയടച്ച് പിണ്ഡംവയ്ക്കുകയെന്നത് സംഘ്പരിവാര്‍ രാഷ്ട്രീയത്തിലെ ഒന്നാം നമ്പര്‍ അജന്‍ഡയിനമാണ്. അവരോടൊപ്പമോ അവരേക്കാള്‍ മുന്‍പോ സംഘ്പരിവാറിന് പൊതുജീവിതത്തില്‍നിന്നു തുടച്ചുമാറ്റേണ്ട ഒന്നാണ് മുസ്‌ലിം മുദ്രകള്‍. ഇന്ത്യയിലെ ഇസ്‌ലാമിക സ്വാധീനം എളുപ്പത്തില്‍ തുടച്ചുമാറ്റാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്. കെട്ടിടങ്ങളുടെ രൂപകല്‍പനയിലൂടെയും ഭക്ഷണത്തിന്റെ വൈവിധ്യത്തിലൂടെയും ആഘോഷങ്ങളുടെ പൊലിമയിലൂടെയും സ്ഥലനാമ കല്‍പ്പനകളിലെ സമന്വയങ്ങളിലൂടെയുമെല്ലാം അത് നിലനില്‍ക്കുന്നു. അങ്ങനെയാണ് ഇന്ത്യയുടേത് ഒരു ബഹുമത സംസ്‌കാരമാവുന്നത്. ഈ സംസ്‌കാരത്തിന്റെ സജീവ ചിഹ്നമാണ് അലാഹാബാദ്, അല്ലങ്കില്‍ ഇലാഹാബാദ്. ശ്രീരാമന്റെ ഇന്ത്യയില്‍ അല്ലാഹുവിന്റെ പേരിലൊരു പട്ടണമോ. അതോടെ അലാഹാബാദ് പ്രയാഗ്‌രാജായി മാറുന്നു. ഇതേ പോലെ നിരവധി സ്ഥലനാമങ്ങള്‍ ഹിന്ദുത്വവാദികള്‍ മാറ്റിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും റെയില്‍വേ സ്റ്റേഷനകളുടെയും പേരുകള്‍ക്ക് ഹിന്ദുത്വമുഖം നല്‍കിയിട്ടുണ്ട്.
സ്ഥലനാമങ്ങളിലേക്കും സ്ഥാപനപ്പേരുകളിലേക്കും ഹൈന്ദവ പാരമ്പര്യമുദ്രകള്‍ ചേര്‍ത്തുവയ്ക്കാനുള്ള ഈ ആസൂത്രിത നീക്കങ്ങള്‍ ആരംഭിച്ചിട്ട് കാലം കുറച്ചായി. പലപ്പോഴും പ്രാദേശിക വികാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും കൊളോണിയല്‍ വിരുദ്ധ വികാരങ്ങള്‍ ഉദ്ദീപിപ്പിച്ചുകൊണ്ടുമൊക്കെയാണ് ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ അജന്‍ഡകള്‍ ഒളിച്ചുകടത്തിയതെന്നു പറയുന്നതാവും ശരി. ചിലപ്പോഴൊക്കെ അവ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും വരും. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹൈദരാബാദിന്റെ പേരു ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് വാഗ്ദാനം ചെയ്തത്. ഹൈദരാബാദ് എന്ന പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുന്നത് കേവലമൊരു പേരു മാറ്റത്തിന്റെ മാത്രം വിഷയമല്ല. ഹൈദരാബാദ് എന്ന പേര് ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റുന്നതിലൂടെ നൈസാമിന്റെ ഓര്‍മകള്‍ മാത്രമല്ല മാച്ചുകളയുന്നത്. ഒരു ദേശത്തിനുമേല്‍ അന്യമതവും സംസ്‌കാരവും കോറിയിട്ട ചിത്രങ്ങള്‍ മുഴുവനും തുടച്ചുമാറ്റപ്പെടുന്നു. കര്‍ണാടകയുടെ ചരിത്രത്തില്‍നിന്നും സംസ്‌കാരത്തില്‍നിന്നും ടിപ്പു സുല്‍ത്താനെ മാറ്റിനിര്‍ത്തുമ്പോള്‍ മുസ്‌ലിം മുദ്രകളാണ് മായ്ച്ചുകളയുന്നത്. അതായത് പ്രശ്‌നം ഗുരു ഗോള്‍വാള്‍ക്കറെയോ ദീനദയാല്‍ ഉപാധ്യായയേയോ ഏതെങ്കിലുമൊരു നെയിംബോര്‍ഡില്‍ കുടിയിരുത്തുന്നതില്‍ തീരുന്നില്ല. ഏക സംസ്‌കാര കേന്ദ്രീകൃതമായ ഒരു രാഷ്ട്രവ്യവസ്ഥ സ്ഥാപിക്കുകയും അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍നിന്ന് തങ്ങളല്ലാത്തവരെ പുറത്തേക്ക് തള്ളുകയും ചെയ്യാനുള്ള പരിശ്രമമാണത്.
സെക്കുലറിസ മുക്തഭാരതം
ഈ പ്രക്രിയയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ശത്രുപ്പട്ടികയില്‍ കോണ്‍ഗ്രസിനെ മുസ്‌ലിം ന്യൂനപക്ഷത്തോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ന്യായമെന്താണെന്ന് ആലോചിച്ചുനോക്കുന്നത് നന്നായിരിക്കും. മൃദു ഹിന്ദുത്വം എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കിടയിലും ഇന്ത്യയില്‍ മതേതരത്വത്തിന്റെ പ്രതിനിധാനം ദേശീയ തലത്തില്‍ ഏറ്റവുമധികം അവകാശപ്പെടാവുന്ന രാഷ്ട്രീയശക്തി കോണ്‍ഗ്രസാണ്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഏറ്റവുമധികം വിലകല്‍പിച്ചത് സെക്കുലര്‍ മൂല്യങ്ങള്‍ക്കാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും എഴുതിച്ചേര്‍ത്തത് കോണ്‍ഗ്രസുകാരിയായ ഇന്ദിരാഗാന്ധിയാണ്. എന്ന് മാത്രമല്ല ഹിന്ദുരാഷ്ട്ര നിര്‍മിതിയില്‍ ദേശീയതലത്തില്‍ സംഘ്പരിവാറിനുള്ള ഏറ്റവും പ്രബലമായ തടസം കോണ്‍ഗ്രസാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് ബി.ജെ.പിക്കാര്‍ സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാല്‍ അവര്‍ക്ക് സെക്കുലറിസ മുക്ത ഇന്ത്യ തന്നെ. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയുമെല്ലാം പേരുകള്‍ക്ക് പൊതുജീവിതത്തില്‍ സ്ഥിരപ്രതിഷ്ഠ നല്‍കാനുള്ള നീക്കത്തെ അതിനാല്‍ത്തന്നെ ലഘുവായി കണ്ടുകൂടാ.
ചെറിയ മനസ് നമുക്കും
സംഘ്പരിവാറിന്റെ പേരുമാറ്റല്‍ പ്രക്രിയയുടെ പിന്നില്‍ ആഴത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യ ലക്ഷ്യങ്ങളുണ്ട്. പക്ഷേ അത്രയൊന്നും ആലോചിക്കാതെയുള്ള പേരിടലുകളും നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്. അടിയന്തരാവസ്ഥക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ഇത്തരം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരുടെ പേരില്‍ മാത്രം സ്ഥാപനങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നതിലെ പൊറുതികേടുമൂലമാവാം സോഷ്യലിസ്റ്റ് ധാരയിലെ ചില നേതാക്കളുടെ പേരുകള്‍ ചില സ്ഥാപനങ്ങള്‍ക്കൊക്കെ ഇടുകയുണ്ടായി. ജയപ്രകാശ് നാരായണന്റെയും റാം മനോഹര്‍ ലോഹ്യയുടെയുമൊക്കെ പേരില്‍ നിരത്തുകളും ആശുപത്രികളും ട്രാഫിക്ക് സ്‌ക്വയറുകളുമൊക്കെ ഉണ്ടായത് അങ്ങനെയാണ്. ചിലപ്പോഴൊക്കെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ചെറിയ മനസ് ഇത്തരം പേരിടലുകളില്‍ തെളിഞ്ഞുനില്‍ക്കാറുണ്ട്. വിദ്യാഭ്യാസ ചിന്തകരുടേയൊന്നും പേരുകളിടാതെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും കളിക്കാരെ മാറ്റിനിര്‍ത്തി സ്റ്റേഡിയങ്ങള്‍ക്ക് മന്ത്രിമാരുടെ പേരിടുന്നതുമൊക്കെ നോക്കുക. കോഴിക്കോട്ട് ഫുട്‌ബോള്‍ സ്‌റ്റേഡിയം ഉണ്ടായപ്പോള്‍ അതിനു ഒളിംപ്യന്‍ റഹ്മാന്റെ പേരിടണമെന്ന ആവശ്യം ശക്തമായി ഉയരുകയുണ്ടായി. അത് തികച്ചും ഉചിതമായ നാമകരണമായേനെ! എന്നാല്‍ റഹ്മാന്റെ പേരല്ല ഇ.എം.എസിന്റെ പേരാണ് സ്റ്റേഡിയത്തിനു നല്‍കിയത്. കേരളത്തില്‍ ഏറ്റവുമധികം സ്മാരകങ്ങളുള്ളത് സഖാവ് ഇ.എം.എസിനാണ്. ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ നവകേരള ശില്‍പ്പികളില്‍ ഏറ്റവും പ്രമുഖനാണ് ഇ എം.എസ്. അതിനാല്‍ ഇത്രയധികം സ്മാരകങ്ങള്‍ ന്യായീകരിക്കപ്പെടാം. പക്ഷേ സ്‌റ്റേഡിയത്തിന്റെ പേര് റഹ്മാന്റെ കാലില്‍നിന്ന് തട്ടിയെടുത്ത് ഇ.എം.എസിന് പാസ് ചെയ്തു കൊടുക്കുന്നതില്‍ അനൗചിത്യമാണുള്ളത്. ഇതില്‍ രാഷ്ട്രീയ അജന്‍ഡയുണ്ട്. ഈയിടെ എടപ്പാളില്‍ എം. ഗോവിന്ദന്റെ പേരിലുള്ള സ്ഥാപനം ഒരു പാര്‍ട്ടി നേതാവിന്റെ സ്മാരകമാക്കുകയുണ്ടായി. ഇവയൊക്കെ ചെറിയ മനസുള്ള ആളുകളുടെ നിലവാരം കുറഞ്ഞ നടപടികളായി എഴുതിത്തള്ളാവുന്നതേയുള്ളൂ. എന്നാല്‍ സംഘ്പരിവാറിന്റെ അജന്‍ഡ അത്യന്തം അപകടകരമാണ്. അതു കാണാതെ പോകരുത്. അവര്‍ക്കുള്ള വടിയായിപ്പോകുകയുമരുത് നമ്മുടെ നടപടികള്‍.
വാല്‍ക്കഷണം
ഏതെങ്കിലും മഹദ് വ്യക്തിയുടെ പേര് സ്ഥാപനങ്ങള്‍ക്ക് ഇട്ടിട്ട് വല്ല കാര്യവുമുണ്ടോ? മഹാത്മാഗാന്ധിയുടെ പേരിലുള്ള റോഡ് എം.ജി റോഡ് മാത്രമായി അറിയപ്പെടുമ്പോള്‍ അതില്‍ ഗാന്ധി സ്മൃതി എവിടെ? വൈക്കം മുഹമ്മദ് ബഷീറിനെ വി.എം.ബി റോഡ് എന്ന ബോര്‍ഡ് വായിക്കുന്നവര്‍ ഓര്‍ക്കുമോ? ഒയിറ്റി റോഡും സ്വാതന്ത്ര്യ സമര സേനാനിയായ ഒയിറ്റിയില്‍ കൃഷ്ണന്‍ വക്കീലും തമ്മിലുള്ള ബന്ധം ആര്‍ക്കറിയാം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."