പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളിലെ യൂനിഫോം വിവാദം
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടണമെങ്കില്‍ ഹാഫ് കൈ നിര്‍ബന്ധമാണെന്ന വാദവുമായി സ്‌കൂള്‍ അധികൃതര്‍ വീണ്ടും രംഗത്ത്.
ഒരാഴ്ച മുന്‍പ് രണ്ട് ദര്‍സ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഡ്മിഷനെടുക്കാന്‍ ചെന്നപ്പോള്‍ ഹാഫ് കൈ മാത്രമേ പാടുള്ളൂ എന്നുള്ള നിര്‍ദേശത്തില്‍ ഒപ്പ് വെച്ചാല്‍ മാത്രമേ സ്‌കൂളില്‍ ചേര്‍ക്കുകയുളൂ എന്ന് രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറയുകയും പ്രവേശനം നേടാതെ രക്ഷിതാക്കള്‍ മടങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികള്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ കാരണം വ്യക്തമാക്കാതെ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ഒഴിഞ്ഞു മാറുകയാണുണ്ടായത്.
ഇന്നലെ വീണ്ടും രക്ഷിതാക്കള്‍ പ്രവേശനത്തിന് സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂള്‍ നിയമാവലിയില്‍ ഒപ്പ് വെച്ചാല്‍ തന്നെയാണ് ചേര്‍ക്കുക എന്ന് കര്‍ശനമായി എച്ച്.എം പറയുകയുകയാണുണ്ടായതെന്നും ഇതേ തുടര്‍ന്ന് രേഖാമൂലമുള്ള അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ടപ്പോഴാണ് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വിവരം രേഖാമൂലം എച്ച്.എം നല്‍കിയതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ അധ്യയന വര്‍ഷം യൂനിഫോം ഷര്‍ട്ടിന്റെ ഫുള്‍ കൈ രക്ഷിതാക്കളെ അറിയിക്കാതെ അധ്യാപകന്‍ വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരുന്നു .ഇതേ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ കൈ ധരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കുകയും പിന്നീട് ദര്‍സ് വിദ്യാര്‍ഥികള്‍ ഫുള്‍ കൈ ധരിച്ച് സ്‌കൂളില്‍ വരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയില്‍ ഇത്തരത്തിലുള്ള വിവാദ വിഷയങ്ങള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ തീരുമാനിച്ചിട്ട് മാത്രമേ കൈക്കൊള്ളുകയുള്ളൂ എന്ന് അധ്യാപകരും മാനേജ്‌മെന്റും സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചതോടെയാണ് വിവാദമായ യൂനിഫോം പ്രശ്‌നം വീണ്ടും എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുക്കുകയും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരിക്കുന്നത് .പരപ്പനങ്ങാടി മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട് .
വരും ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു .നിവേദക സംഘത്തില്‍ നൗഷാദ് ചെട്ടിപ്പടി,സൈതലവി ഫൈസി,റാജിബ് ഫൈസി,കെ പി നൗഫല്‍ ചാപ്പപ്പടി,പി പി നൗഷാദ് എന്നിവര്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."