ജനങ്ങള്‍ക്ക് ദുരിതം വിതച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പിടല്‍
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു മുന്നറിയിപ്പുമില്ലാതെ നിലമ്പൂര്‍ ജനതപ്പടി ഭാഗത്ത് പിഡബ്ല്യൂഡി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കല്‍ നടപടി തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു. റോഡ് പകുതിയോളം ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഇതോടെ ഇതിലെയുള്ള ഗതാഗതം വണ്‍വേ ആയി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍സംസ്ഥാന പാതയിലാണ് യാത്രക്കാരെ വലച്ചുകൊണ്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ സാധാരണയായി രാത്രിയിലാണ് നടത്താറ്. എന്നാല്‍ ഇത്രയും വാഹനത്തിരക്കേറിയ റോഡില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് വാട്ടര്‍ അതോറിറ്റി പ്രവൃത്തി ആരംഭിച്ചത്. ഗതാഗത തടസം രൂക്ഷമായതോടെ ചന്തക്കുന്ന് ഭാഗത്തുനിന്നും വരുന്ന ബസ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ജനതപ്പടിയിലൂടെ മണലൊടി വഴിയാണ് നിലമ്പൂര്‍ ഭാഗത്തേക്ക് തിരിച്ചുവിട്ടത്. ഇത് കാര്‍ യാത്രക്കാരും ഹോംഗാര്‍ഡുകളും തമ്മില്‍ വാക്കേറ്റത്തിനും ഇടയാക്കി.
കീര്‍ത്തിപ്പടി ജങ്ഷനില്‍ നിന്നും50 മീറ്റര്‍ മാത്രം ദൂരമുള്ളുവെന്നിരിക്കെ പോസ്‌റ്റോഫിസിലേക്കുള്ള വാഹനങ്ങള്‍ കീര്‍ത്തിപടിയില്‍ നിന്നും തിരിച്ചുവിട്ട് രണ്ടുകിലോമീറ്റര്‍ ചുറ്റിയാണ് എത്തിയത്. ചന്തക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാധാരണ പോലെയും സര്‍വീസ് നടത്തുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ദിവസങ്ങളിലെ പ്രവൃത്തി രാത്രിയാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."