വാടക കെട്ടിടത്തില്‍ നിന്നു മോചനം കാത്ത് നെടിയിരുപ്പ് ചാരംകുത്ത് ഗവ. എല്‍.പി സ്‌കൂള്‍
കൊണ്ടോട്ടി: വാടക കെട്ടിടത്തില്‍ നിന്ന് മോചനവും ഭീതിയില്ലാത്ത ക്ലാസ്മുറികളും കാത്ത് നെടിയിരുപ്പ് ചാരംകുത്ത് ഗവ.എല്‍.പി സ്‌കൂള്‍. പ്രദേശത്ത് സ്വാതന്ത്രത്തിന് മുന്‍പ് സ്ഥാപിക്കപ്പെട്ട ആദ്യ അക്ഷര വിദ്യാഭ്യസ സ്ഥാപനമാണ് പരിമിതികളില്‍ വീര്‍പ്പ് മുട്ടികഴിയുന്നത്.പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കോളനി റോഡിന് വിളിപ്പാടകലെയുളള സ്‌കൂള്‍ പാഠ്യ-പഠ്യേതര വിഷയങ്ങളില്‍ കൊണ്ടോട്ടി ഉപജില്ലയില്‍ മുന്‍ നിരയിലാണ്.
നെടിയിരുപ്പ് ചാരംകുത്ത് 65 സെന്റ് സ്ഥലത്ത് നിലമ്പൂര്‍ കോവിലകം കാര്യസ്ഥനാണ് സ്‌കൂള്‍ പണിതത്. നിലവില്‍ അവരുടെ മകള്‍ മീനാക്ഷിയമ്മയുടെ പേരിലാണ് സ്‌കൂളുള്ളത്. 1938ല്‍ പണിത ഓടുമേഞ്ഞ ഒറ്റകെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.കാലപ്പഴക്കത്താല്‍ ദ്രവിച്ച സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാനേജ്‌മെന്റ് തയാറാവുന്നുമില്ല.ഇതോടെ പി.ടി.എ, സ്‌കൂള്‍ അധികൃതര്‍,നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് സ്‌കൂള്‍ അറ്റകുറ്റപ്പണി നടത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനത്ത മഴയില്‍ സ്‌കൂളിന്റെ തൂണ്‍ നിലംപൊത്തിയിരുന്നു.ദേശീയ പാതയോരത്തെ സ്‌കൂളിന്റെ ചുറ്റുമതിലും തകര്‍ന്നിരിക്കുകയാണ്.
ഒന്നുമുതല്‍ അഞ്ചുവരെയായി 168 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. നിലവിലുളള കെട്ടിടത്തില്‍ മറകള്‍ സ്ഥാപിച്ചാണ് ക്ലാസുകള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഓഫിസും, സ്റ്റാഫ് റൂമും, ലൈബ്രറിയുമെല്ലാം ഒരിടത്ത് തന്നെ. ഓഫിസില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇവിടെ എത്തുന്ന രക്ഷിതാക്കള്‍ പോലും കഷ്ടപ്പെടുകയാണ്. സ്‌കൂളിന് സ്വന്തമായി സ്ഥലം ലഭ്യമല്ലാത്തിനാല്‍ എസ്.എസ്.എ വഴിയുളള ഫണ്ടുകളും ലഭ്യമാകുന്നില്ല.കഞ്ഞിപ്പുര, മൂത്രപ്പുര തുടങ്ങിയ പഞ്ചായത്തിന്റെയും നാട്ടുകാരുടേയും പി.ടി.എയുടേയും സഹകരണത്തോടെ നിര്‍മിച്ചതാണ്.
സ്‌കുളിനായി സ്ഥലം ഏറ്റെടുത്ത് കെട്ടിടം പണിയാനുളള ഭീമമായ ചിലവാണ് തിരിച്ചടിയാകുന്നത്. നേരത്തെ പഞ്ചായത്ത് ഇതിന് ശ്രമം നടത്തിയിരുന്നെങ്കിലും ഭീമമായ തുക നല്‍കി സ്‌കൂള്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.സ്‌കൂള്‍ ഉടമസ്ഥര്‍ 20 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പിന്നീട് ഇവര്‍ ഒഴിയുകയായിരുന്നു.നിലവില്‍ സ്ഥലം ഏറ്റെടുക്കാന്‍ കൊണ്ടോട്ടി നഗരസഭ ശ്രമം നടത്തുന്നുണ്ട്. മാനേജ്‌മെന്റുമായി ഇടപെട്ട് സ്ഥലം ലഭ്യമാക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."