വല നെയ്ത് കൃഷി ജീവിതം
കോടഞ്ചേരി: വല നെയ്ത്ത് ഒരു പ്രാവീണ്യമുള്ള തൊഴിലാണ്. മത്സ്യത്തൊഴിലാളികളുള്ള മേഖലകളില്‍ അത് സര്‍വ സാധാരണവുമാണ്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇങ്ങനെയുള്ളവര്‍ സാധാരണ ഉണ്ടാകാറില്ല. കോടഞ്ചേരി പൂളവള്ളിയില്‍ കമ്പകക്കുഴി പുത്തന്‍പുരയില്‍ ദിവാകരന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്.
പച്ചക്കറി കൃഷിക്കായി മറ്റുള്ള കര്‍ഷകര്‍ വളരെയധികം പണം മുടക്കി കടകളില്‍ നിന്ന് വല വാങ്ങി ഉപയോഗിക്കുമ്പോള്‍ ഇദ്ദേഹം കൃഷിക്ക് സ്വന്തമായി വല നിര്‍മിച്ചുപയോഗിക്കുന്നു. 15ാം വയസില്‍ മീന്‍ പിടിക്കുന്നതിനായി പഠിച്ച തൊഴിലാണ് വലനെയ്ത്ത്. അന്ന് 'കൊത്തു വല', 'വീശു വല', 'തണ്ടാടി വല' എന്നിങ്ങനെ വിവിധ രീതിയിലുള്ള വലകളുടെ നിര്‍മാണം പഠിച്ചു. എല്ലാം മറ്റുള്ളവര്‍ നെയ്യുന്നത് നോക്കിയാണ് പഠിച്ചതും.
അന്ന് പഠിച്ച തൊഴില്‍ ഇന്ന് പച്ചക്കറി കൃഷിയില്‍ പ്രയോഗിക്കുകയാണ് ദിവാകരന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി സ്വന്തമായി നെയ്യുന്ന വല ഉപയോഗിക്കുന്നു. ഇത് നാലഞ്ചു വര്‍ഷം വരെ നില നില്‍ക്കും. കനം കുറഞ്ഞ ചരടിന്റെ വണ്ണമുള്ള പ്ലാസ്റ്റിക് കയറാണ് വലയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മീന്‍ വലയ്ക്കുള്ള നൈലോണ്‍ ചരടിന് വില കൂടുതലായതിനാല്‍ അത് ഉപയോഗിക്കാറില്ല.
വലയുടെ നിര്‍മാണം ക്രമീകരിക്കുന്നത് പന്തലില്‍ ഏത് വിളകളാണ് കൃഷി ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. പടവലം, ചുരക്ക പോലുള്ളവയ്ക്ക് കണ്ണികള്‍ തമ്മില്‍ അകലം കൂടിയ വലകളും കോവയ്ക്ക പോലുള്ളവയ്ക്ക് അകലം കുറഞ്ഞ കണ്ണികളുള്ള വലകളുമാണ് നിര്‍മിക്കുന്നത്. നൈലോണ്‍ വലയ്ക്ക് ശൂലാക്യതിയിലുള്ള കമ്പികളാണ് നെയ്ത്തിന് ഉപയോഗിക്കുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ചരട് ഉപയോഗിച്ചുള്ള നെയ്ത്തില്‍ കമ്പിയ്ക്ക് പകരം ഓടയാണ് ഉപയോഗിക്കാറ്. കണ്ണികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാന്‍ 'പടി' ഉപയോഗിക്കുന്നു.
കണ്ണികള്‍ തമ്മിലുള്ള അകലം കൂടാതെയോ കുറയാതെയോ കൃത്യമായി നെയ്യുന്നത് പടിയായി ഉപയോഗിക്കുന്ന പലകയുടെ കഷണം ഉപയോഗിച്ചാണ്. വേണ്ട അകലത്തിന്റെ പകുതി വലിപ്പമുള്ള പടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. വല നെയ്ത്തിന് പ്രത്യേക സമയനിഷ്ഠയൊന്നുമില്ല. ഒഴിവു കിട്ടുന്ന സമയങ്ങള്‍, കൃഷിപ്പണിക്കിടയില്‍ കഠിന വെയിലുള്ള സമയങ്ങളിലെ വിശ്രമ വേളകള്‍, എന്നിവയ്ക്കിടയിലാണ് വലനെയ്ത്ത്.
വല നെയ്ത്തില്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം. വള്ളികൊണ്ട് കൊട്ട, ബാഗ് തുടങ്ങിയവയും ഇദ്ദേഹം നിര്‍മിക്കാറുണ്ടായിരുന്നു. അന്ന് ധാരാളം ആളുകള്‍ അത് പഠിക്കാന്‍ വരുമായിരുന്നു. ഇപ്പോള്‍ അധ്യാപക വിദ്യാര്‍ഥികള്‍ മാത്രമാണ് ഇതിന്റെ ആവശ്യക്കാര്‍.
ഇരുപതാം വയസു മുതല്‍ കൃഷിയിലാണ് ദിവാകരന്‍. ഇപ്പോള്‍ സ്വന്തം കൃഷിയിടത്തില്‍ തെങ്ങ്, കവുങ്ങ് കൂടാതെ പച്ചക്കറികളും ഇഞ്ചി, മഞ്ഞള്‍, ചേന , ചേമ്പ്, വെറ്റിലക്കൃഷി എന്നിവയും പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്കൃഷിയും ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."