കര്‍ഷകസമരത്തിന് പിന്നില്‍ പാക്- ചൈനീസ് ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി ദാന്‍വെ
മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്കെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. കര്‍ഷകസമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയാണെന്നാണ് ദാന്‍വെയുടെ ആരോപണം. സി.എ.എ- എന്‍.ആര്.സി വിഷയത്തില്‍ രാജ്യത്തെ മുസ്ലിങ്ങളെയും ഇതു പോലെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ദാന്‍വെ ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേതല്ല. ഇതിന് പിന്നില്‍ ചൈനയുടേയും പാകിസ്താന്റെയും കൈകളാണ്. നേരത്തെ രാജ്യത്തെ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്താണ് അവരോട് പറഞ്ഞത്. എന്‍.ആര്.സിയും സി.എ.എയും വന്നാല്‍ ആറുമാസത്തിനകം അവര്‍ രാജ്യം വിടേണ്ടി വരുമെന്ന് പറഞ്ഞു.എന്നിട്ട് ഒരു മുസ്ലിമിനെങ്കിലും രാജ്യം വിടേണ്ടി വന്നോ'- ദാന്‍വെ ചോദിച്ചു.
ഇപ്പോള്‍ കര്‍ഷകരെ അവര്‍ രംഗത്തിറക്കിയിരിക്കുകയാണ്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാന്‍വെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."