നരകയാതനയില്‍ ആദിവാസി കുടുംബങ്ങള്‍
കണിച്ചാര്‍: പട്ടയം ലഭിച്ചിട്ടും സ്ഥലത്ത് വീട് വയ്ക്കാനാവാതെ പ്ലാസ്റ്റിക് കൂരക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ് പൂളകുറ്റി വെള്ളറ കോളനിയിലെ ഒന്‍പത് ആദിവാസി കുടുംബങ്ങള്‍. വീടുവച്ച് നല്‍കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കാത്തതാണ് പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ സുരക്ഷിത ജീവിതത്തിന് തടസമാവുന്നത്.
2016ല്‍ വെള്ളറ കോളനിയില്‍ നടന്ന ഭൂസമരത്തെ തുടര്‍ന്നാണ് ഒന്‍പത് ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ സ്ഥലം വീതം പതിച്ചുനല്‍കിയത്. എന്നാല്‍ ഇവിടെ വീട് വയ്ക്കാനുള്ള നടപടികളൊന്നും അധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഓലയും ഷീറ്റും മേഞ്ഞ കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ അതിവര്‍ഷത്തിലും ഈ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ തന്നെയായിരുന്നു ഇവരുടെ ജീവിതം.
മതിയായ റോഡ് സൗകര്യമോ കുടിവെള്ള സൗകര്യമോ ഇവര്‍ക്കില്ല. സമരത്തിന്റെ ഭാഗമായി ലഭിച്ച കക്കൂസുകളും വൈദ്യുതിയും മാത്രമാണ് ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച മറ്റ് ആനുകൂല്യങ്ങള്‍. പിഞ്ചുകുഞ്ഞുങ്ങളടക്കം 30 തോളം പേരാണ് ഈ ഒന്‍പത് വീടുകളിലായി കഴിയുന്നത്.
മഴക്കാലമായാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍പോലും പറ്റാത്ത വിധം റോഡ് മോശമാകുന്നതിനാല്‍ ഇവരുടെ പഠനവും മുടങ്ങിയ അവസ്ഥയിലായിരുന്നു.
സ്ഥലം പതിച്ചുനല്‍കിയത് ആശ്വാസകരമാണെങ്കിലും ഇവരുടെ പുനരധിവാസം പൂര്‍ണതയില്‍ എത്തണമെങ്കില്‍ വീട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള യാതൊരു നടപടിയും ഇതു വരെ അധികൃതര്‍ തുടങ്ങിവച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."