ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തെ നടപ്പാത തകര്‍ന്നിട്ട് മാസങ്ങള്‍
മട്ടാഞ്ചേരി : നിത്യേന നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഫോര്‍ട്ട്‌കൊച്ചി സൗത്ത് കടപ്പുറത്തെ നടപ്പാത തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇത് മൂലം ഇവിടെ വിനോദത്തിനായി എത്തുന്നവര്‍ക്ക് തീരത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.രണ്ട് വര്‍ഷം മുമ്പ് നാലര കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ചതാണ് ഇവിടത്തെ നടപ്പാത. കൈവരികള്‍ സ്ഥാപിക്കുകയും ചെയ്തു.
മാത്രമല്ല തുറസ്സായ സ്ഥലം ടൈലുകള്‍ വിരിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണത്തിലെ അപാകതകള്‍ മൂലം മാസങ്ങള്‍ക്കകം തന്നെ നടപ്പാത തകര്‍ന്നു. നടപ്പാത മുഴുവനായും തകര്‍ന്നതോടെ സഞ്ചാരികള്‍ക്ക് തീരത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമായി. പല തവണ അപകടങ്ങളുണ്ടായിട്ടും അധികാരികള്‍ ഇത് കണ്ട ഭാവം നടിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ മണല്‍വാട ഉപയോഗിച്ച് താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചു. ഇതോടെ ഇവിടെയെത്തിയ സഞ്ചാരികള്‍ക്ക് സുഗമമായി തീരത്തേക്ക് ഇറങ്ങുവാനും കയറുവാനും പറ്റുന്ന സാഹചര്യം ഒരുങ്ങി. യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്‌കൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമദാനം കോണ്‍ഗ്രസ് ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത് ഉല്‍ഘാടനം ചെയ്തു.ബെയ്‌സില്‍ ഡിക്കോത്ത അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷഫീക്ക് കത്തപ്പുര,സുജിത്ത് മോഹനന്‍, മുജീബ് കൊച്ചങ്ങാടി, ഇ.എ ഹാരിസ്, പി.എ സുബൈര്‍, കെ.എം അഫ്‌സല്‍, മുനീര്‍ കൊച്ചങ്ങാടി, എം.എസ് ജംസി, ഒ.എം ഹാരിസ്, ഷമീര്‍ അബ്ദുള്ള, കെ.ബി.ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."