തെക്കേപ്പുറം തറവാടുകളിലെ ഓരോ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡും വൈദ്യുതി-വാട്ടര്‍ കണക്ഷനും
കോഴിക്കോട്: തെക്കേപ്പുറം ഭാഗത്തെ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളുള്ള തറവാട് വീടുകളില്‍ പ്രത്യേകം റേഷന്‍ കാര്‍ഡും വൈദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
മണ്ഡലം എം.എല്‍.എ ഡോ.എം.കെ മുനീര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയത്. എട്ടും പത്തും കുടുംബങ്ങള്‍ താമസിക്കുന്ന തറവാടുകളില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, ഇലക്ട്രിക് കണക്ഷന്‍ ആവശ്യമാണെന്ന് കാണിച്ച് എം.കെ മുനീര്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്. ഒരു വീട്ടില്‍ തന്നെ വിവിധ കുടുംബങ്ങള്‍ താമസിക്കുന്നുവെങ്കില്‍ തദ്ദേശസ്ഥാപനത്തില്‍ മതിയായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധനക്കും മറ്റു നടപടികള്‍ക്കും ശേഷം വ്യത്യസ്ത നമ്പറുകള്‍ നല്‍കും. തറവാട് വീടുകളില്‍ വേറിട്ട് താമസിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം തറവാട് വീടിന്റെ പ്ലാന്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് വ്യക്തത വരുത്തി പ്രത്യേകം വീട്ടുനമ്പര്‍ കോര്‍പറേഷന്‍ നല്‍കും. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലെ തറവാടുവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഇതേ രീതിയിലുള്ള ആവശ്യം വരികയാണെങ്കില്‍ ഇത്തരത്തില്‍ പ്രത്യേകം വീട്ടുനമ്പറുകള്‍ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ കുറ്റിച്ചിറ തെക്കേപ്പുറം ഭാഗങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."