ഇറാനുമായുള്ള കരാറില്‍നിന്ന് ട്രംപ് പിന്മാറാനുള്ള കാരണം, ഒബാമയോടുള്ള വിരോധം
വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് അംബാസഡറുടെ ചോര്‍ന്ന ഇ-മെയിലില്‍.
ട്രംപ് കരാറില്‍നിന്നു പിന്മാറിയത് വ്യക്തിപരമായ കാരണങ്ങളാല്‍
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി 2015ല്‍ വന്‍ശക്തി രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് പിന്മാറാന്‍ കാരണം അതുണ്ടാക്കിയത് ബറാക് ഒബാമയാണ് എന്നതായിരുന്നെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന കിം ഡാരക്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ട്രംപ് കരാറില്‍ നിന്നു പിന്മാറിയതെന്നും 2018 മേയില്‍ തയാറാക്കി അയച്ച നയതന്ത്രരേഖയില്‍ കിം പറയുന്നു. ഈ സന്ദേശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് കിം രാജിവച്ചത്.
ട്രംപിനെ ഇദ്ദേഹം കഴിവില്ലാത്തവനെന്നു വിശേഷിപ്പിച്ചതു വിവാദമായിരുന്നു.
ഒബാമയോടുള്ള വിരോധം കാരണം കരാറില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ച ട്രംപിനെ പിന്തിരിപ്പിക്കാനായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ ബ്രിട്ടന്‍ വാഷിങ്ടണിലേക്ക് അയച്ചിരുന്നതായി കിം ഡാരക് വെളിപ്പെടുത്തുന്നു. എന്നാലത് ഫലം ചെയ്തില്ല.
2015ല്‍ യു.എസിനു പുറമെ ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിനു പകരം ആണവപദ്ധതികള്‍ക്കു പരിധിവയ്ക്കുന്ന കരാറില്‍ ഇറാനുമായി ഒപ്പുവച്ചത്.
കരാറിനെ തുടക്കംമുതലേ വിമര്‍ശിച്ച ട്രംപ് 2018 മെയ് 8ന് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ച രേഖ വിവാദമായതോടെ അതില്‍ തന്നെ അയോഗ്യനെന്നു വിമര്‍ശിച്ച ബ്രിട്ടീഷ് അംബാസഡറെ വിഡ്ഢിയെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. കിം ഡാരകിനെ അനുകൂലിച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്രംപ് പരിഹസിച്ചിരുന്നു.
അതിനിടെ മുന്‍ അംബാസഡറുടെ ഇ -മെയിലുകള്‍ ചോര്‍ന്നത് യു.എസ്-ബ്രിട്ടീഷ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ സാഹചര്യത്തില്‍ ചോര്‍ത്തിയതാരെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയ പൊലിസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."