ആ പിഞ്ചുകുഞ്ഞിന്റെ മരണമെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കുമോ...
കല്‍പ്പറ്റ: അന്നും പതിവുപോലെ രണ്ടര വയസുള്ള മകള്‍ റോഷ്‌നിയെ മറ്റ് കുട്ടികള്‍ക്കൊപ്പം വിട്ടാണ് മധ്യപ്രദേശില്‍നിന്നുള്ള തൊഴിലാളി ദമ്പതികളായ ചന്ദ്ര സിങും അമിതാഭായിയും തോട്ടത്തില്‍ ജോലിക്ക് പോയത്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ റോഷ്‌നിയെ കാണാനുണ്ടായിരുന്നില്ല. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ താമസിക്കുന്ന പാഡിയില്‍ നിന്നും അല്‍പം അകലെയുള്ള സെപ്റ്റിക് ടാങ്കില്‍ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ സെന്റിനല്‍ റോക്ക് പുത്തുമല ഡിവിഷനില്‍ മധ്യപ്രദേശില്‍നിന്നുള്ള തൊഴിലാളി ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ റോഷ്‌നി ഒരാഴ്ച മുന്‍പ് സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചിട്ടും ഇതുവരെ സംഭവത്തില്‍ പ്ലാന്റേഷന്‍, ലേബര്‍ വകുപ്പുകള്‍ക്ക് മിണ്ടാട്ടമില്ല. ബാലിക മരിക്കാനിടയായ സാഹചര്യം പരിശോധിക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയുന്നതിനും പ്ലാന്റേഷന്‍, ലേബര്‍ വകുപ്പുകളുടെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ല.
രക്ഷിതാക്കള്‍ ജോലിക്കുപോകുമ്പോള്‍ പാഡിയില്‍ നിര്‍ത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനു തോട്ടം മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വിവിധ ഡിവിഷനുകളിലായി രണ്ടായിരത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. കുടുംബസമേതം എത്തിയവരാണ് അധികവും. ഏജന്റുമാര്‍ കമ്മിഷന്‍ വ്യവസ്ഥയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ തോട്ടങ്ങളില്‍ ജോലിക്ക് എത്തിക്കുന്നത്. കുറഞ്ഞ കൂലിക്കും ആനുകൂല്യങ്ങള്‍ ഇല്ലാതെയും ജോലി ചെയ്യുന്ന ഇവര്‍ക്കു ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളും മാനേജ്‌മെന്റ് ഒരുക്കുന്നില്ല. തോട്ടങ്ങളില്‍ മുന്‍പ് കുട്ടികളുടെ സംരക്ഷണത്തിനു പിള്ളപ്പാഡികള്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഒരു തോട്ടത്തിലും ഇത്തരം സംവിധാനമില്ല. തോട്ടങ്ങള്‍ക്കടുത്ത് അങ്കണവാടികളില്‍ പോകാന്‍ ഭാഷാപ്രശ്‌നം മൂലം ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ മടിക്കുകയുമാണ്.
ഇതര സംസ്ഥാന സ്ത്രീ തൊഴിലാളികളെ കുട്ടികളുടെ സംരക്ഷണത്തിന് വേതനം നല്‍കി പാഡികളില്‍ നിയോഗിക്കണമെന്നു നിര്‍ദേശം ഉയര്‍ന്നുവെങ്കിലും മാനേജ്‌മെന്റ് അവഗണിക്കുകയാണുണ്ടായത്. ബാലികയുടെ ദാരുണ മരണത്തിനു തോട്ടം മാനേജ്‌മെന്റും പ്ലാന്റേഷന്‍, ലേബര്‍ ഉദ്യോഗസ്ഥരും ട്രേഡ് യൂനിയന്‍ നേതാക്കളും ഉത്തരവാദികളാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അംഗീകൃത ഏജന്റുമാരല്ല തോട്ടങ്ങളില്‍ ജോലിക്കെത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളി തോട്ടത്തില്‍ ജോലി ചെയ്യുന്നതായ രേഖ എവിടെയുമില്ല. തൊഴിലാളികളുടെ രജിസ്‌ട്രേഷന് ലേബര്‍ വകുപ്പ് സ്വകാര്യ സ്ഥാപനം മുഖേന വികസിപ്പിച്ച ആവാസ് സോഫ്റ്റ് വെയര്‍ നിലവില്‍ ഉപയോഗപ്പെടുത്തുന്നില്ല.
തോട്ടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ഇന്റര്‍ സ്റ്റേറ്റ് വര്‍ക്ക്‌മെന്‍ ആക്ടിന്റെ സംരക്ഷണം ലഭ്യമാക്കണമെന്ന ആവശ്യവുമായി മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍(ഐ.എന്‍.ടി.യുസി) രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളികളെ അടിമകളെപ്പോലെ ജോലി ചെയ്യിക്കുന്നതിനെതിരേ പ്രക്ഷോഭവും യൂനിയന്റെ ആലോചനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."