കൊയിലാണ്ടിയില്‍ മുശൈഖ് ഗോത്രത്തിന്റെ ചരിത്രവും നാമാവശേഷമാവുന്നു
കോഴിക്കോട്: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കൊയിലാണ്ടിയില്‍ ഒരു ചരിത്ര സ്മാരകം കൂടി നശിക്കുന്നു. താഴങ്ങാടി മഖാം എന്ന പേരില്‍ കൊയിലാണ്ടി ബീച്ച് റോഡിലുള്ള ചരിത്ര സ്മാരകമാണ് ആരാലും സംരക്ഷിക്കപ്പെടാതെ തകര്‍ന്നുകൊണ്ടിരിക്കുന്നത്.
മുശൈഖ് ഗോത്രത്തില്‍പ്പെട്ട ഉമര്‍ മുഹാദര്‍ മുശൈഖ് എന്ന മഹാന്റെ മഖ്ബറയും കെട്ടിടങ്ങളുമാണ് കാറ്റും മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ക്കാട് നവാബില്‍ നിന്ന് നിരവധി ഭൂസ്വത്തുക്കള്‍ മുശൈഖ് ഗോത്രക്കാര്‍ക്ക് ലഭിച്ചിരുന്നു. കൊയിലാണ്ടിയില്‍ മാത്രമല്ല മഞ്ചേരിയിലും മലപ്പുറത്തും ഇവര്‍ക്ക് നിരവധി സ്വത്തുക്കളുണ്ടായിരുന്നു. പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ഗോത്രം പിന്നീട് നശിക്കുകയും സ്വത്തുക്കളെല്ലാം അന്യാധീനപ്പെടുകയുമായിരുന്നു.
ഉമര്‍ മുഹാദറിന്റെ മഖ്ബറ ഉള്‍ക്കൊള്ളുന്ന ചെങ്കല്ലില്‍ തീര്‍ത്ത കോട്ടപോലുള്ള കെട്ടിടം കല്ലുകള്‍ അടര്‍ന്നും മറ്റും നശിക്കുകയാണ്. അതിമനോഹരമായ താഴികക്കുടത്തോടുകൂടിയതായിരുന്നു പണ്ട് ഈ കെട്ടിടമെന്നും നേര്‍ച്ചകളും മറ്റ് പരിപാടികളും ഇവിടെ നടന്നുവന്നിരുന്നുവെന്നും കൊയിലാണ്ടിയിലെ പഴമക്കാര്‍ പറയുന്നു.
വഖ്ഫ് ബോര്‍ഡിന്റെ കീഴിലാണ് കെട്ടിടവും സ്ഥലവുമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് ഇവിടെയുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. വ്യാപാര ബന്ധത്തിന്റെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും പ്രവാചക കാലഘട്ടം മുതലുള്ള ചരിത്രം പറയാനുണ്ട് കൊയിലാണ്ടിക്ക്. അനേകം ചരിത്രസ്മാരകങ്ങളും പുണ്യപുരുഷന്‍മാരുടെ ഖബറിടങ്ങളും ഇവിടെയുണ്ട്. എന്നാല്‍, ഇവ തിരിച്ചറിയാനും സംരക്ഷിക്കപ്പെടാനുമുള്ള സംവിധാനങ്ങളില്ല.
കേരളത്തില്‍ ഇസ്‌ലാം എത്തിയ ആദ്യകാലഘട്ടത്തില്‍ സ്ഥാപിതമായ എട്ട് പള്ളികളില്‍ ഒന്ന് ഇവിടെയായിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പതിനാറു വരെ ഇന്ത്യയിലെ വിഖ്യാത തുറമുഖങ്ങളില്‍ ഒന്നായി അറിയപ്പെട്ടിരുന്ന പന്തലായനി കൊയിലാണ്ടിയുടെ പ്രാചീന ചരിത്രം വിളിച്ചോതുന്നതാണ്. ഇസ്‌ലാംമത വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്രമുള്ളതുപോലെ പുരാതന ഹൈന്ദവ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ നൂറ്റെട്ട് മഹാശിവ ക്ഷേത്രങ്ങളില്‍ രണ്ടെണ്ണം കൊയിലാണ്ടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."