പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍: കലക്ടറേറ്റുകളിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച്
കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. പൊലിസ് സിവില്‍ ഓഫിസര്‍ പരീക്ഷയ്ക്കായി കാസര്‍കോട് തെരെഞ്ഞെടുത്തവര്‍ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്‍ അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം.
യൂനിവേഴ്സിറ്റി കോളജില്‍ അഡ്മിഷന് ലഭിച്ചത് കൊണ്ട് ഇവര്‍ മെരിറ്റുള്ള വിദ്യാര്‍ഥികള്‍ ആണെന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്പോര്‍ട്സ് ക്വാട്ടയിലാണ് യൂനിവേഴ്സിറ്റി കോളജില്‍ അഡ്മിഷന് നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഫിസിക്കല്‍ എഡ്യുക്കേഷന്റെ സീല്‍ പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണോ ഇവര്‍ അഡ്മിഷന് നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി 20ന് കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.
യൂനിവേഴ്സിറ്റി കോളജ് ഉള്‍പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്‍ വരുന്നവര്‍ അഡ്മിഷന് നേടുന്നത് സ്പോര്‍ട്സ് ക്വോട്ടയിലും സ്പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."