അണക്കെട്ടുകളിലെ ജലശേഖരം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ 25 ശതമാനം മഴക്കുറവ് സമ്മാനിച്ച് തുലാവര്‍ഷം പിന്‍വാങ്ങുന്നു
തൊടുപുഴ: തുലാമഴ കനിയാതിരുന്നിട്ടും അണക്കെട്ടുകളിലെ ജലശേഖരം ഈ സീസണിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം സംഭരണശേഷിയുടെ 86 ശതമാനം വെള്ളം വൈദ്യുതി ബോര്‍ഡിന്റെ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മഹാപ്രളയമുണ്ടായ 2018ല്‍ ഈ സമയത്ത് 74.6 ശതമാനമായിരുന്നു ജലശേഖരം.
മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ 13ലെ ജലശേഖരം 2016- 49 ശതമാനം, 2017- 74 ശതമാനം, 2019- 78 ശതമാനം എന്നിങ്ങനെയാണ്. 3,566.631 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. 4,140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പരമാവധി സംഭരിക്കാവുന്നത്. ചൂട് കൂടിവരുന്നതിനാല്‍ പ്രതിദിന വൈദ്യുതി ഉപഭോഗം ഉയരുകയാണ്. 72.2565 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. അതിനിടെ, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമാവുകയാണ്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇനി കാര്യമായ മഴ കിട്ടില്ലെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഈ മാസം 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെങ്കിലും കേരളത്തില്‍ ചെറിയരീതിയിലുള്ള മഴയേ ലഭിക്കൂവെന്നാണ് വിലയിരുത്തല്‍. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്ര (ഐ.എം.ഡി) ത്തിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ നീളുന്ന തുലാവര്‍ഷത്തില്‍ ഇന്നലെവരെ 25 ശതമാനത്തിന്റെ കുറവുണ്ട്. 480.7 മി.മീ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചിരിക്കുന്നത് 357.8 മി.മീ മാത്രമാണ്. ബുറെവി ചുഴലിക്കാറ്റിനേത്തുടര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെട്ട് അതിതീവ്ര മഴ കേരളത്തില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
മലപ്പുറം ജില്ലയാണ് മഴക്കുറവില്‍ മുന്പില് (58 ശതമാനം). മറ്റ് ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. ആലപ്പുഴ 30, കൊല്ലം 31, പാലക്കാട് 44, തിരുവനന്തപുരം 37, തൃശൂര്‍ 43, വയനാട് 30 ശതമാനം. കണ്ണൂര്‍, എറണാകുളം, ഇടുക്കി, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ സാധാരണ മഴ ലഭിച്ചിട്ടുണ്ട്. ഇക്കുറി കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) ശരാശരി ലഭിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."