ബാബരി കേസ് കേള്‍ക്കാന്‍ റിട്ടയര്‍മെന്റ് നീട്ടിത്തരണമെന്ന ആവശ്യവുമായി ജഡ്ജി സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് കേള്‍ക്കുന്നതിന് തന്റെ റിട്ടയര്‍മെന്റ് കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യവുമായി കേസ് പരിഗണിക്കുന്ന ലഖ്നൗ സി.ബി.ഐ കോടതി ജഡ്ജി സുപ്രിംകോടതിയില്‍. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് വെള്ളിയാഴ്ചയ്ക്കുള്ളില് അറിയിക്കാന്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്കി. മെയിലാണ് സി.ബി.ഐ കോടതി ജഡ്ജി ഈ ആവശ്യമുന്നയിച്ച് കത്തെഴുതിയത്.
സപ്തംബര്‍ 30ന് തന്റെ കാലാവധി അവസാനിക്കുകയാണെന്നും എന്നാല്‍ കേസ് തീരാന്‍ ആറുമാസം കൂടിയെടുക്കുമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്ത് ഇന്നലെ ആര്.എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖര്‍ ഈ കേസില്‍ പ്രതികളാണ്. ഈ മൂന്നുപേരുള്‍പ്പടെ 13പേര്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം നേരത്തെ അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും 2017 ഏപ്രില്‍ 19ന് ജസ്റ്റിസുമാരായ ആര്.എഫ് നരിമാര്‍, പി.സി ഗോസെ എന്നിവരടങ്ങുന്ന ബെഞ്ച് അത് പുനഃസ്ഥാപിച്ചിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്ത കേസും അതിലെ ഗൂഢാലോചനക്കേസും ലഖ്നൗ കോടതിയിലുമായി റായ്ബറേലി കോടതിയിലും രണ്ടായാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും അത് ഒറ്റക്കേസാക്കി ലക്നൗ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ദിവസവും വിചാരണ നടത്താനും രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാനും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."