കൊവിഡ് വാക്‌സിന്‍: പ്രതീക്ഷയും പ്രതിസന്ധിയും
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 150 വാക്‌സിനുകള്‍ ഇപ്പോള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 11 വാക്‌സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. മോസ്‌കോയിലെ ഗമാലെയ നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് - 5 എന്ന വാക്‌സിന്റെ വിതരണം റഷ്യയില്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതും 95 ശതമാനം ഫലപ്രദമെന്ന് കമ്പനി അവകാശപ്പെടുന്നതുമായ ഈ വാക്‌സിന്റെ 120 കോടി ഡോസ്, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഇന്ത്യ ഉള്‍പ്പെടെ പത്തിലേറെ രാജ്യങ്ങള്‍ക്ക് നല്‍കുന്നതിന് റഷ്യ കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
ഇന്ത്യയിലും കൊവിഡ് വാക്‌സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. കൊവിഡ് മരുന്ന് ഗവേഷണത്തിനും വികസനത്തിനുമായി 900 കോടി രൂപയുടെ 'മിഷന്‍ കൊവിഡ് സുരക്ഷാ' പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുത്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഞ്ച് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് 80,000 ത്തോളം പേരില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചതായി, ഡല്‍ഹി എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് തയാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന 'കൊവാക്‌സിന്‍' പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന കുത്തിവയ്പ് മരുന്നാണ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡിലയുടെ 'സൈക്കോവ് - ഡി ' ആണ് ഇന്ത്യ സ്വന്തം നിലയില്‍ വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിന്‍. ഈ വാക്‌സിന്‍ അടുത്തവര്‍ഷം മാര്‍ച്ചോടുകൂടി തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ 'കൊവിഷീല്‍ഡ് 'എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൊവാക്‌സിനും കൊവിഷീല്‍ഡിനും അടിയന്തര വിതരണത്തിന് അനുമതി തേടി കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ഇപ്പോള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്. സിറം ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 100 കോടി ഡോസുകള്‍ അടുത്തവര്‍ഷം ജനുവരി മുതല്‍ ഘട്ടംഘട്ടമായി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ വികസിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഹൈദരാബാദ് ആസ്ഥാനമായുള്ള റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് റഷ്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്ന് ഇന്ത്യയില്‍ 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പദ്ധതി. പൂനെയിലെ ജെന്നോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ എച്ച്.ജി.സി.ഒ - 19, മോഡേണ കമ്പനിയുടെ എം.ആര്‍.എന്‍.എ - 1273, ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ. ലിമിറ്റഡിന്റെ സി.ഒ.വി. 2. എസ്, ഫൈസര്‍ കമ്പനി നിര്‍മിക്കുന്ന ബി.എന്‍.ടി.162 ബി എന്നിവയും ഇന്ത്യയില്‍ ലഭ്യമാകാന്‍ സാധ്യതയുള്ള വാക്‌സിനുകളാണ്.
അതേസമയം, നിരാശപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതുമായ റിപ്പോര്‍ട്ടുകളും വാക്‌സിന്‍ ഗവേഷണരംഗത്തുനിന്ന് എത്തുന്നുണ്ട്. പരീക്ഷണത്തിലിരിക്കുന്ന വാക്‌സിനുകളുടെ സുരക്ഷയെ കുറിച്ച് തന്നെയാണ് പ്രധാന ആശങ്ക. വികസിപ്പിച്ചെടുക്കുന്ന മരുന്നുകള്‍ രോഗത്തേക്കാള്‍ വലിയ ദുരന്തമാകുമോ എന്ന സംശയം ചില ഗവേഷകര്‍ക്കിടയിലുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടയില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് അജ്ഞാതരോഗം വന്നതും 28 വയസുള്ളയാള്‍ മരിച്ചതും ശാസ്ത്രലോകത്ത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഈ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പ്രഖ്യാപനത്തിലെ വിശ്വാസ്യതയിലും സംശയമുയരുകയുണ്ടായി. വാക്‌സിന്‍ ഉല്‍പാദനത്തിലുണ്ടായ പിഴവ് പ്രാഥമിക ഫലങ്ങളെ ബാധിച്ചിരുന്നുവെന്ന സംശയവും ഉയര്‍ന്നു. ഇതോടെ പിഴവു സംഭവിച്ചതായി അസ്ട്രാസെനക കമ്പനിക്കും സമ്മതിക്കേണ്ടി വന്നു. എന്നാല്‍ സുരക്ഷയില്‍ ആശങ്കയില്ലെന്നും പരീക്ഷണം സജീവമായി മുന്നോട്ടുപോകുകയാണെന്നും ഓക്‌സ്ഫഡ് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. ഇതേ വാക്‌സിന്റെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പരീക്ഷണത്തില്‍ പങ്കെടുത്ത വ്യക്തിക്കും ഗുരുതരമയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചു.
വാക്‌സിന്‍ നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ആവശ്യമായ ഭീമമായ സാമ്പത്തികച്ചെലവാണ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. യു.എസ് ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി വാക്‌സിന്‍ നിര്‍മിക്കുന്നതിനായി മോഡേണ കമ്പനിക്ക് മാത്രം നല്‍കുന്നത് 48.3 കോടി ഡോളറാണ്. ഫൈസര്‍ - ബയോണ്‍ടെക് കമ്പനികള്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ 10 കോടി ഡോസുകള്‍ വാങ്ങുന്നതിന് മാത്രം അമേരിക്കന്‍ സര്‍ക്കാര്‍ ഈ കമ്പനികളുമായി ഏര്‍പ്പെട്ടിരിക്കുന്നത് 195 കോടി ഡോളറിന്റെ കരാറിലാണ്.
സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ വാക്‌സിനുകള്‍ വാങ്ങിക്കൂട്ടുന്നതിനായി കമ്പനികളുമായി മുന്‍കൂര്‍ കരാറില്‍ ഏര്‍പ്പെടുന്നതിനാല്‍ ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കിട്ടാതെ വരുമോ എന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനും ബ്രിട്ടന്‍, ജപ്പാന്‍, അമേരിക്ക തുടങ്ങിയ സമ്പന്ന രാജ്യങ്ങളും ചേര്‍ന്ന് വലിയ അളവില്‍ കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതിനായി ഇതിനകം മരുന്ന് നിര്‍മാണക്കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. നിലവില്‍ ആവശ്യപ്പെട്ടതിന് പുറമെ 500 കോടി ഡോസ് കൂടി ഇവര്‍ ഉടന്‍ ആവശ്യപ്പെടും. ഇതിനോടകം 81 കോടി ഡോസ് കുത്തിവയ്പ്പ് മരുന്ന് ആവശ്യപ്പെട്ട അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 160 കോടി ഡോസിന് കൂടി അമേരിക്ക ഉടന്‍ ആവശ്യപ്പെടും. 60 കോടി കൊവിഡ് വാക്‌സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. 100 കോടി ഡോസിന് ഇന്ത്യ ഉടന്‍ ആവശ്യപ്പെടുകയും ചെയ്യും.
നാലു കോടി ഡോസ് വാക്‌സിനായി നൊവാവാക്‌സ് കമ്പനിയുമായും 10 ദശലക്ഷം ഡോസ് വാക്‌സിന് ഫൈസര്‍, ബയോണ്‍ടെക് എന്നീ കമ്പനികളുമായും ആസ്‌ത്രേലിയ ഒപ്പുവച്ചിരിക്കുന്നത് 1.5 ബില്യണ്‍ ആസ്‌ത്രേലിയന്‍ ഡോളറിന്റെ ഇടപാടിലണ്. അസ്ട്രാസെനക്കയുടെ കൊവിഡ് വാക്‌സിന്റെ 8.5 കോടി ഡോസിന് ആസ്‌ത്രേലിയ നല്‍കുന്നത് 2.3 ബില്യണ്‍ യു.എസ് ഡോളറാണ്. ഇങ്ങനെ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങള്‍ വലിയ അളവില്‍ വാക്‌സിന്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നതിന് മത്സരിക്കുന്ന പശ്ചാത്തലത്തിലാണ്, ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമാക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ലോക രാജ്യങ്ങളെ ഓര്‍മിപ്പിച്ചത്. ഒരു രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതിന് പകരം എല്ലാ രാജ്യങ്ങളിലും കുറച്ചുപേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുക എന്നതാവണം സ്വീകരിക്കേണ്ട നയമെന്നും വാക്‌സിന്‍ ദേശീയതാവാദം മഹാമാരി ദീര്‍ഘിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
സാധാരണഗതിയില്‍ ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിരോധ വാക്‌സിന്‍ അടിയന്തരമായി വികസിപ്പിച്ചെടുക്കേണ്ടിവരുന്ന പശ്ചാത്തലത്തില്‍ ആശങ്കകളും പ്രതിസന്ധികളും സ്വാഭാവികം മാത്രമാണെന്നും അവ ക്രമേണ പരിഹരിക്കപ്പെടുമെന്നുമാണ് ശാസ്ത്ര സമൂഹത്തിന്റെ വിലയിരുത്തല്‍. അടുത്തവര്‍ഷം ആദ്യപകുതിയോടെ മിക്ക വാക്‌സിനുകളും വിതരണത്തിനു സജ്ജമാകും എന്നു തന്നെയാണ് ഗവേഷകര്‍ക്കിടയിലെ പൊതുഅഭിപ്രായം. അതിനാല്‍ വാക്‌സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഇന്ത്യയിലും കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ സജീവമാണ്. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കുകയാണ്. ഉല്‍പാദകരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ ശേഖരിച്ച ശേഷം മുന്‍ഗണനാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആദ്യ ഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്ക് സൗജന്യമായി നല്‍കാനാണ് പദ്ധതി. 50ന് മുകളില്‍ പ്രായമുള്ളവര്‍, മറ്റ് രോഗങ്ങളുള്ള 50 വയസിന് താഴെയുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, സായുധ സേനാംഗങ്ങള്‍, തുടങ്ങിയവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണന ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കുന്നതിന് കേരളത്തിലും സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥ മേല്‍നോട്ട സമിതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. ഗവേഷകര്‍ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ലോകത്തെ വിറപ്പിച്ച മറ്റ് മഹാമാരികളെ പോലെ കൊവിഡും മനുഷ്യനു മുന്നില്‍ കീഴടങ്ങുന്ന കാലം അതിവിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."