അന്യസംസ്ഥാന കുട്ടികളെ തിരിച്ചയക്കാനുള്ള തീരുമാനം പ്രതികാര നടപടിയെന്ന്
കൊച്ചി: ജനസേവ ശിശുഭവനില്‍ കഴിയുന്ന അന്യസംസ്ഥനക്കാരായ കുട്ടികളെ സ്വദേശത്തേക്കു തിരിച്ചയ്ക്കണമെന്നുള്ള ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് ജനസേവയോടുള്ള പ്രതികാര നടപടിയാണെന്ന് ചെയര്‍മാന്‍ ജോസ് മാവേലി.
ശിശുക്ഷേമ സമിതിയുടെ ഉത്തരവുകള്‍ക്കെതിരേ നിയമസഹായം തേടിയതിലുള്ള അമര്‍ഷമാണ് ഇത്തരം ഉത്തരവുകളുടെ പിന്നില്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് ശിശുക്ഷേമ സമിതി കുട്ടികളെ പരിചിതമല്ലാത്ത നാടുകളിലേക്കു പറഞ്ഞു വിടുന്നത്. ഈ ഉത്തരവിനെതിരേ ജനസേവയിലെ കുട്ടികളുടെ അമ്മമാര്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന്റെ മുന്നില്‍ 29ന് സമരം തുടങ്ങാനാണ് തീരുമാനമെന്നും ജനസേവ ശിശുഭവന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്കാര്‍ക്കും ജനസേവയില്‍നിന്നു പോകാന്‍ താത്പര്യമില്ല. നിര്‍ബന്ധിതമായി അവരെ തിരിച്ചയ്ക്കാന്‍ ശ്രമിച്ചാല്‍ കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നു കരുതാനാവില്ലെന്നും അവര്‍ പറഞ്ഞു. ജനസേവയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
തങ്ങളുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസവും ഭക്ഷണവും ലഭിക്കുന്ന ജനസേവയില്‍നിന്നു കുട്ടികളെ കൊണ്ടു പോകുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിസാര്‍, ഇന്ദിരാ ശബരിനാഥ്, ചാര്‍ളി പോള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."