ഗതാഗത തടസത്തിന് കാരണമായി പൊലിസ് വാഹനം
ചാവക്കാട്: നഗരത്തില്‍ തിരക്കേറിയ മെയിന്‍ റോഡില്‍ പൊലിസ് വാഹനം നിര്‍ത്തിയിട്ടത് ഗതാഗത തടസത്തിനു കാരണമായി.
ചാവക്കാട് സബ് ജയിലിലേക്ക് വന്ന പൊലിസ് ജീപ്പാണ് വണ്‍വേ ട്രാഫിക്കായ തിരക്കുള്ള റോഡില്‍ നിറുത്തിയിട്ടത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ചാവക്കാട് സെന്റര്‍ മുതല്‍ സബ് ജയില്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ് എന്നി സ്ഥാപനങ്ങളുടെ വളപ്പിനു മുന്നില്‍ ഉള്‍പ്പടെ നഗരസഭ ഓഫീസ് വരെ മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതിരിക്കാന്‍ നോ പാര്‍ക്കിങ് ബോര്‍ഡുകളുണ്ട്.
ഇത് അവഗണിച്ചാണ് പൊലിസ് വാഹനം നിര്‍ത്തിയിട്ട് അതിലെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിപോയത്. സാധാരണ സബ് ജയിലിലേക്കു വരുന്ന വാഹനങ്ങള്‍ ജയില്‍ വളപ്പിലും സമീപത്തെ താലൂക്കാഫീസ് വളപ്പിലുമാണ് നിര്‍ത്തിയിടുന്നത്. ഈ സമയം രണ്ടുസ്ഥലങ്ങളിലും വാഹനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ട്രാഫിക് സംവിധാനം വന്ന് വണ്‍വേ ആയതോടെ നഗരത്തില്‍ ഏറ്റവും തിരക്കേറിയ മെയിന്‍ റോഡില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും റമദാന്‍ തുടങ്ങുന്നതിന്റെ ഭാഗമായും തിരക്ക് രണ്ടിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ചാവക്കാട് സബ് ജയിലിലേക്ക് വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വാഹനങ്ങളിലാണ് പ്രതികളെ എത്തിക്കുന്നതും കൊണ്ടുപോകുന്നതും. ഇക്കൂട്ടത്തില്‍ പെട്ട വാഹനമാണിത്.
ഈ മേഖലയില്‍ വല്ലപ്പോഴും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കാണുമ്പോഴേക്ക് ചാവക്കാട് പൊലിസ് ചാടി വീണ് പിഴയടിച്ചു വിടുന്ന കാഴ്ച്ചയും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."