വിശുദ്ധ മാസം സമാഗതമായി
വ്രതാനുഷ്ടാനത്തിലൂടെ ജീവിത്തിന്റെ സമഗ്ര തലങ്ങളേയും ശുദ്ധീകരിക്കാനാണ് റമദാനിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. വ്രതം നിര്‍ബന്ധമാക്കി കൊണ്ട് അവതീര്‍ണമായ സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറുന്നത് ഇങ്ങനെയാണ്, ഓ സത്യവിശ്വാസികളെ നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങള്‍ക്ക് നിര്‍ബന്ധമാക്കപെട്ട പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ കൂടുതല്‍ സൂക്ഷ്മാലുക്കളാകാന്‍ വേണ്ടിയാണത്. വ്രതം മുത്തഖിയാകാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഖുര്‍ആന്‍ കാണുന്നത്. ഒരു മുത്തഖിയായ വിശ്വാസി അവന്റെ ജീവിതത്തിന്റെ സകല മോഹങ്ങളേയും വെടിയുകയും ദൈവാര്‍പ്പിതമായ മനസോടെ ജീവിക്കുകയും ചെയ്യുന്നവനാകും. വികാരങ്ങളെ അടക്കി നിര്‍ത്തുന്ന സമൂഹവും മനുഷ്യനുമാണ് വിജയത്തിലെത്തുന്നത്. വ്രതാനുഷ്ഠാനത്തിലൂടെ കേവലം അന്ന പാനീയാദികള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല ലക്ഷ്യം. മഹാനായ പ്രവാചകന്‍ (സ്വ) സൂചിപ്പിച്ചത് പോലെ പ്രഭാതം മുതല്‍ പ്രദോഷം വരെ നിങ്ങള്‍ പട്ടിണി കിടക്കുന്നത് കൊണ്ട് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. മറിച്ച് തെറ്റായ വാക്കുകളും വിചാരങ്ങളും ദുഷ്പ്രവര്‍ത്തികളും ഉപേക്ഷിക്കാതിരുന്നാല്‍ പട്ടിണി മാത്രമാകും ഫലം. അന്നപാനീയാദികള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ദുഷ് ചിന്തകള്‍ വെടിഞ്ഞ് ശുദ്ധമായ മനസോടെ ജീവിക്കാനാണ് റമദാന്‍ പഠിപ്പിക്കുന്നത്. വിശപ്പിന്റെ വിളിയറിയുമ്പോള്‍ അന്യന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ വിശ്വാസിക്ക് സാധിക്കും. കാരുണ്യത്തോടെ മറ്റുള്ളവരെ നോക്കാനും അപരന് സഹായം ചെയ്യാനും കഴിയുന്ന വിശാലമായ ഒരു മനസ് നോമ്പു കാലത്തിലൂടെ ശൃഷ്ടിക്കപ്പെടണം. അതുകൊണ്ടാണ് ആദ്യത്തെ പത്തിന് കാരുണ്യത്തിന്റെ വലിയ പ്രധാന്യം നബി തിരുമേനി (സ്വ) കല്‍പ്പിക്കുന്നത്. കരുണയാണ് വിശ്വാസത്തിന്റെ കാതല്‍ എന്ന് നബി (സ്വ) പഠിപ്പിക്കുകയും ചെയ്യുന്നു. റമദാനിന്റെ ആരാധനകളില്‍ പ്രധാനമാണ് തറാവീഹും ഖുര്‍ആന്‍ പാരായണവും മസ്ജിദുകളിലെ ഇഅ്തികാഫ് ഇരിക്കലും. ഈ പുണ്യങ്ങള്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ ആഗ്രഹമാകണം നോമ്പുകാരന് ഉണ്ടാകേണ്ടത്. അല്ലാഹുവിന്റെ പാപമോചന കവാടങ്ങള്‍ സദാ തുറക്കപ്പെട്ട വിശുദ്ധമായ മാസമാണിത്. പ്രായശ്ചിതം ചെയ്യാനും മനസുരുകാനും വലിയ അവസരങ്ങളാണ് ഈ ദിനരാത്രങ്ങളില്‍ സമാഗതമാകുന്നത്. ലക്ഷ്യങ്ങളില്‍ നിന്ന് വഴിതെറ്റാതെ ഭക്ഷണത്തിന് അമിത പ്രാധാന്യം നല്‍കാതെ ഹൃദയം വിശുദ്ധമാക്കിയാല്‍ റയ്യാനെന്ന സ്വര്‍ഗ കവാടത്തിന്റെ അരികില്‍ മാലാഖമാര്‍ സ്വാഗതമരുളുന്നവരായി നമുക്ക് മാറാന്‍ കഴിയും. അല്ലാഹെ അനുഗ്രഹിക്കട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."