ചക്ക ഉല്‍പ്പന്ന നിര്‍മാണം: വനിതകളുടെ സംരംഭം നാടിന് മാതൃകയാകുന്നു
ബാലുശ്ശേരി : നാട്ടിന്‍ പുറങ്ങളിലെ ഇഷ്ട ഭക്ഷണമായ ചക്കയോടൊപ്പമുള്ള ഒരു കൂട്ടം വനിതകളുടെ സംരംഭം നാടിന് മാതൃകയാകുന്നു. ചക്കയില്‍ നിന്ന് വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കേന്ദ്രീകരിച്ചാണ് വനിതകള്‍ സ്വയംതൊഴില്‍ കണ്ടെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നത്.
പതിനൊന്ന് വനിതകള്‍ ചേര്‍ന്ന് സാന്ത്വനം എന്ന പേരിലുണ്ടാക്കിയ ഗ്രൂപ്പാണ് ചക്കയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉല്‍പ്പന്ന നിര്‍മാണ രംഗത്ത് പുത്തന്‍ കാല്‍വെയ്പ് നടത്തുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായി വിളയുന്ന ചക്ക ആര്‍ക്കും വേണ്ടാതെ അന്യ സംസ്ഥാനത്തേക്ക് കയറ്റിക്കൊണ്ട് പോകാറാണുള്ളത്.
അവിടെ നിന്ന് വറുത്ത് പാക്കറ്റുകളിലാക്കി നമ്മുടെ നാട്ടില്‍ തന്നെ കിലോയ്ക്ക് അഞ്ഞൂറ് രൂപ നിരക്കില്‍ വിറ്റഴിക്കുകയാണ്. എന്ത് കൊണ്ട് നമുക്കുമായിക്കൂടാ എന്ന ചോദ്യമാണ് ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ശ്രദ്ധ തിരിയാനിടയാക്കിയതെന്ന് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന രതി ഭാസ്‌കര്‍ പറയുന്നു. തൃപ്തി പുളിയനക്കണ്ടി ശ്രീസൗദം എന്ന പേരിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്. സംഘത്തിന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുഖേന റൂറല്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം പ്രത്യേക പരിശീലനവും കിട്ടിയിട്ടുണ്ട്.
ദാഹശമിനി, ചക്കക്കുരു കൊണ്ടുള്ള ഫേഷ്യല്‍, ചമ്മന്തി, ചക്കക്കുരു പായസം,വെളിച്ചെണ്ണയില്‍ വറുത്തത്, ചക്കമെടല്‍ അച്ചാര്‍, ചക്കക്കുരു ലഡു,ഹല്‍വ വരെ ഇവരുടെ കൂട്ടായ്മയില്‍ തയാറാക്കുന്നു. രാവിലെ മുതല്‍ ഉച്ച വരെ ചക്ക സംഭരണത്തിന് ഇവര്‍ തന്നെയാണ് ഇറങ്ങിത്തിരിക്കുന്നത്. സംഭരണം ചിലപ്പോള്‍ ജില്ലയ്ക്ക് പുറത്തേക്കും നീങ്ങും.
ഐ.ആര്‍.ഡി.പി വിപണന മേളകളിലും ഓയിസ്‌ക ഇന്റര്‍ നാഷനല്‍ സംഘടിപ്പിച്ച മേളകളിലും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ പ്രചാരം കിട്ടി മേളയിലെ ഏറ്റവും മികച്ച ഗ്രൂപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ കൂടുതല്‍ വനിതകളെ അണി നിരത്തി യന്ത്ര സഹായത്തോടെ വലിയ യൂനിറ്റാക്കി മാറ്റാനുള്ള ശ്രമത്തിലാണിവര്‍.
ചക്ക വെറുതെ കളയാനുള്ളതല്ല,മറിച്ച് വരുമാനത്തിനുള്ള മാര്‍ഗമാണെന്ന് അധ്വാനത്തിലൂടെയും ആത്മ വിശ്വാസത്തിലൂടെയും ഇവര്‍ നാടിന് കാണിച്ചു കൊടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."