മഴകാത്ത് മലയാളി; മേഘങ്ങളേ... ഒന്നു കനത്തു പെയ്യാമോ
#അഷറഫ് ചേരാപുരം
കോഴിക്കോട്: മിഥുനത്തില്‍ മദിച്ച് പെയ്യും, കര്‍ക്കിടകത്തില്‍ കറുത്ത് പെയ്യും. പഴമക്കാരുടെ പറച്ചിലുകള്‍ വെറുതെയായി. മദിച്ചും പെയ്തില്ല, കറുത്തും പെയ്തില്ല.
നിരീക്ഷകരെയും പ്രവചനക്കാരെയും ജനങ്ങളെയുമെല്ലാം അങ്കലാപ്പിലാക്കി മഴ ദുര്‍ലഭ പ്രദേശമായി കേരളം. മാനം കറുത്തിരുണ്ട് തോരാമഴയായി പെയ്തിരുന്ന കര്‍ക്കിടകമാസം ഓര്‍മകളിലേക്ക്.
ജൂലൈ പകുതിയോടെ കാലവര്‍ഷത്തിന്റെ മൂന്നാം ഘട്ടം ശക്തമാവുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ മഴ തുടങ്ങിയെങ്കിലും ഉച്ചയോടെ കാലാവസ്ഥ മാറുകയായിരുന്നു. 48 ശതമാനം മഴക്കുറവിലാണ് സംസ്ഥാനം ഇപ്പോള്‍.
ഇന്നലെ ആകാശം തെളിഞ്ഞു നല്ല വെയിലുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മഴയുടെ ദൗര്‍ലഭ്യം വരാന്‍ പോകുന്ന കുടിവെള്ളക്ഷാമത്തിന്റെ ഭീതി ഇപ്പോള്‍തന്നെ ഉയര്‍ത്തുകയാണ്. ജൂലൈ പത്തു വരേയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം 14 ശതമാനം മണ്‍സൂണ്‍ മഴക്കുറവാണ് രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കുറവുള്ളത്. 28 ശതമാനം മഴക്കുറവാണ് മേഖലയില്‍ അനുഭവപ്പെട്ടത്.
അതിനിടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശമനമില്ലാതെ മഴ തുടരുകയാണ്. അസമില്‍ നൂറുകണക്കിനു ഗ്രാമങ്ങള്‍ പ്രളയത്തില്‍ പെട്ടു. നേപ്പാളിലെ കനത്ത മഴ കാരണം ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇരു സംസ്ഥാനങ്ങളിലുമായി അന്‍പതിലേറെ പേര്‍ മരിച്ചിട്ടുണ്ട്. അസമില്‍ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് അപകടരേഖ കവിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് മലപ്പുറത്തും നാളെ ഇടുക്കി ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിശക്തമായ മഴയ്ക്കു സാധ്യത(ഓറഞ്ച് അലേര്‍ട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."