മങ്കടയിലും കൂട്ടിലങ്ങാടിയിലും കുടിവെള്ളക്ഷാമം രൂക്ഷം
242 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ലൈന്‍പൈപ്പിടല്‍ പ്രവൃത്തികള്‍ നടക്കേണ്ടിയിരുന്നത്. മൂര്‍ക്കനാട് 63.1, പുഴക്കാട്ടിരി - മക്കരപ്പറമ്പ് 43, കുറുവ 76.8, മങ്കട 24.5 കൂട്ടിലങ്ങാടി 34 എന്നിങ്ങനെയാണ് പൈപ്പിടല്‍ പ്രവൃത്തിയുടെ കിലോ മീറ്റര്‍ ദൈര്‍ഘ്യം. ഇവയില്‍ മങ്കടയിലും കൂട്ടിലങ്ങാടിയിലും അവസാന ഘട്ട പൈപ്പിടല്‍ പ്രവൃത്തികളാണ് ഇപ്പോള്‍ സ്തംഭിച്ചത്. മറ്റു പഞ്ചായത്തുകളിലെ പൈപ്പുകള്‍ മുഴുവന്‍ സ്ഥാപിച്ചിട്ടും രണ്ടു പഞ്ചായത്തുകളിലെ പൈപ്പുകള്‍ ഭാഗികമായി കുഴിച്ചിടല്‍ നിര്‍ത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കാരണമാണെന്നാണ് മാസങ്ങളായി അതോറിറ്റി അധികൃതര്‍ പറയുന്ന മറുപടി. എന്നാല്‍ അനുമതിയല്ല, കരാറുകാര്‍ക്ക് പണം ലഭിക്കാത്തതാണ് യഥാര്‍ഥ കാരണമെന്നാണ് പിന്നീട് വ്യക്തമായത്.
വൈകിവന്ന പദ്ധതി
രണ്ടര പതിറ്റാണ്ടുകാലം വൈകിയ പദ്ധതിക്കു കാരണമായി പലതുമുണ്ടെങ്കിലും ആരംഭ ഘട്ടത്തിലെ നിസംഗത വലിയ കാലതാമസമുണ്ടാക്കി. 1990കളില്‍ ഭൂമി ഏറ്റെടുക്കലിനു വന്ന കാല താമസം മുതല്‍ കുടിവെള്ള പദ്ധതിയുടെ തുടക്കം ഏറെ വൈകാന്‍ കാരണമായി. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. സ്ഥലമേറ്റെടുക്കുന്നതിനു പുറമേ, വിവിധ കാലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയുടെ അപര്യാപ്തത, ഉദ്യോഗസ്ഥ ഉദാസീനത, വിവിധ വകുപ്പു മേധാവികളുടെ അനുമതി ലഭിക്കാതിരുന്നത്, മറ്റു ഡിവിഷനുകളുടെ നടപടികളിലെ വേഗക്കുറവ്, ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ അഭാവം, മഴക്കാലത്ത് ട്രഞ്ചിങ് പാടില്ലാത്ത പ്രശ്‌നം തുടങ്ങിയ തടസങ്ങളെല്ലാം ഒരുമിച്ചതോടെയാണ് പദ്ധതി പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നതിനു പതിറ്റാണ്ടുകളുടെ കാലദൈര്‍ഘ്യം ഉണ്ടായി. അതേസമയം 1992 മുതല്‍ വര്‍ഷങ്ങളോളം ആരും തിരിഞ്ഞു നോക്കാതെ പൂര്‍ണമായി നിശ്ചലമായി കിടന്നു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി വാട്ടര്‍ കണക്ഷന്‍ നല്‍കിയതിനെച്ചൊല്ലിയും പ്രശ്‌നങ്ങളുണ്ടായി. കണക്ഷനുകള്‍ക്കായി അതാതു പഞ്ചായത്തുകളില്‍ മേളകള്‍ സംഘടിപ്പിച്ചാണ് ഗുണഭോക്താക്കളെ ചേര്‍ത്തത്.
മങ്കട, കൂട്ടിലങ്ങാടി;
കുടിവെള്ളക്ഷാമം രൂക്ഷം
മൂര്‍ക്കനാട് പദ്ധതി വൈകിയതു മൂലം മറ്റു പഞ്ചായത്തുകളേക്കാള്‍ ഏറ്റവും കൂടുതല്‍ കാലം ദുരിതം പേറിയത് മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇവിടുത്തെ ശുദ്ധജലക്ഷാമം മൂര്‍ക്കനാട് പദ്ധതി വൈകിയതും പുതിയ പദ്ധതികളൊന്നും തുടങ്ങാതിരുന്നതിനിനും കാരണമാണ്.
മങ്കടയില്‍ ആദിവാസികള്‍ താമസിക്കുന്ന കള്ളിക്കല്‍ കോളനി, ഉള്‍പ്പെടെ കുടിവെള്ളക്ഷാമം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. മങ്കട, നമ്പൂരിക്കാട്, ഏലച്ചോല, വെള്ളാരംപാറ, പൂഴിക്കുന്ന്, മഞ്ചേരിതോട്, ചേരിയം, നോര്‍ത്ത് ചേരിയം, ഞാറക്കാട് തുടങ്ങിയപ്രദേശങ്ങളാണ് കടുത്ത വരള്‍ച്ച അഭിമുഖീകരിക്കുന്ന പ്രദേശങ്ങള്‍. തോടുകളുടെ സ്രോതസ് ഉപയോഗപ്പെടുത്തി കര്‍ക്കിടകം ഉള്‍പ്പടെ 25 ലധികം ചെറുകിട ശുദ്ധജല പദ്ധതി പഞ്ചായത്തിനു കീഴിലുണ്ടെങ്കിലും വേനലിനു മുന്‍പ് തടയണ നിര്‍മിക്കാതിരുന്നതിനാല്‍ തോടുകള്‍ വറ്റി.
വരള്‍ച്ച നേരിടാന്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ വേണ്ടത്ര ശുഷ്‌കാന്തി പഞ്ചായത്ത് അധികൃതര്‍ക്കില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. പുലാമന്തോളിലെ കട്ടൂപ്പാറ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ടാങ്കറുകളില്‍ ജലമെത്തിക്കുകയാണ് പതിവ്. ഇതിനു പുറമേ സന്നദ്ധ സംഘടനകളുടെ വിതരണവുമാണ് ജനങ്ങള്‍ക്കുള്ള ആശ്വാസം.
കടലുണ്ടിപ്പുഴയാണ് കൂട്ടിലങ്ങാടിയുടെ നിലവിലെ മുഖ്യകുടിവെള്ള സ്രോതസ്. മോതി, മുണ്ടേല്‍പ്പടി, ഉന്നംതല, കാഞ്ഞിരംകുന്ന് എന്നീ കുടിവെള്ള പദ്ധതികളാണ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും ദാഹമകറ്റാറുള്ളത്. വേനല്‍ എത്തും മുന്‍പേ കടലുണ്ടിപ്പുഴ വറ്റുന്നതാണ് വര്‍ഷങ്ങളായി ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിനു മുഖ്യകാരണം.
നാട്ടുകാര്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ ആശ്വാസം. ഇത്തവണ കടുത്ത വരള്‍ച്ചയാണ് ഇവിടെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. മുഖ്യപദ്ധതിയായ മോതിയില്‍ നിന്നു ആയിരക്കണക്കിനു പേര്‍ക്കാണ് ജലം വിതരണം നടക്കാറുള്ളത്. മൂര്‍ക്കനാട് പദ്ധതി ആശ്വാസമാകുമെന്നു കരുതിയാണ് മറ്റു പല പദ്ധതികളിലേക്കും ഭരണാധികാരികളുടെ സജീവ ശ്രദ്ധ പതിയാതിരുന്നത്. ആനപ്പാറ പൊറ്റമ്മലില്‍ സ്ഥിരം തടയണക്കായി വര്‍ഷങ്ങളായി ശ്രമം നടന്നു വന്നെങ്കിലും ഇതു വരെ ഫണ്ടു നീക്കിവച്ചില്ല. അടുത്ത ബജറ്റില്‍ പരിഗണിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ എം.എല്‍.എയ്ക്ക് രേഖാമൂലം നല്‍കിയ ഉറപ്പ്. ഇതോടെ വര്‍ഷങ്ങളെടുത്തു വേണം ആനപ്പാറ പൊറ്റമ്മല്‍ തടയണ യാഥാര്‍ഥ്യമാക്കാന്‍.
കാച്ചിനിക്കാട് കുടിവെള്ള പദ്ധതിയാണ് മക്കരപറമ്പിലെ ഏറ്റവും വലിയ പദ്ധതി. 200 ഓളം കുടുംബങ്ങളാണ് ഇതിനെ ആശ്രയിക്കുന്നത്. നാടിക്കുന്ന്, തടത്തില്‍ കുണ്ട്, കല്ലുവളപ്പ്, പാറമ്മതൊടി, ആലുംകുന്ന്, കാവുങ്ങപ്പറമ്പ്, തുടങ്ങിയ പത്തോളം ചെറുകിട പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ജല ദൗര്‍ലഭ്യം മക്കരപ്പറമ്പിനെ ഇപ്പോഴും അലട്ടുന്നു. 13 വാര്‍ഡുകളാണ് ഉള്ളതെങ്കിലും പഞ്ചായത്തില്‍ മുഴുവന്‍ പ്രദേശങ്ങളിലേക്കും ശുദ്ധജലം എത്തിയിട്ടില്ല. പദ്ധതിയുടെ ഭാഗമായ ചുള്ളിക്കോട് സംഭരണിയില്‍ നിന്നാണ് ടാങ്കര്‍ വഴി നിലവില്‍ ജലമെത്തിക്കുന്നത്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതി പ്രതീക്ഷാ പൂര്‍വമാണ് ജനം കാത്തിരിക്കുന്നത്. ജനം ഏറെ ദുരിതങ്ങള്‍ നേരിട്ട ശേഷം പൈപ്പ്‌ലൈനുകള്‍ കുഴിച്ചിട്ടെങ്കിലും ഇവിടെയും ജല വിതരണം ആരംഭിച്ചിട്ടില്ല.
മോതിപമ്പ് ഹൗസ്
പഴഞ്ചന്‍ സംവിധാനത്തില്‍
കാലോചിത പരിഷ്‌കരണം നടപ്പാക്കാത്തതിനാലാണ് പലപ്പോഴും കൂട്ടിലങ്ങാടിയില്‍ ജനം ദുരിതം പേറേണ്ടി വരുന്നത്. പഞ്ചായത്തിലെ അധിക ജനങ്ങളും ആശ്രയിക്കുന്ന മുഖ്യകുടിവെള്ള സ്രോതസ് പ്രവര്‍ത്തിക്കുന്നത് കാലപ്പഴക്കം ചെന്ന സംവിധാനത്തിലാണ്. കൂട്ടിലങ്ങാടിയില്‍ പള്ളിപ്പുറത്തിനു സമീപമുള്ള മോതി കുടിവെള്ള പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസാണ് 35 വര്‍ഷം പഴക്കമുള്ള സിസ്റ്റത്തിലുള്ളത്. ഈ സംവിധാനത്തിന്റെ രീതി കാലഹരണപ്പെട്ടതാണ്. മിക്ക പ്രാദേശിക ഭരണനേതൃത്വവും ശുദ്ധജല പദ്ധതികളെ ആധുനീകരിച്ചു. കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയിലെ മോതി പദ്ധതിയിലെ പഴയ സിസ്റ്റം മാറ്റാന്‍ അധികൃതര്‍ക്കായില്ല. പഴയ വാട്ടര്‍ ഗ്യാലറി സംവിധാനമാണു നിലവിലുള്ളത്.
വേനല്‍ക്കാലം എത്തും മുന്‍പേ പുഴ വറ്റുന്നതു ഇവിടെ പതിവാണ്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതി കാത്തുനിന്നതും മോതി പമ്പ് ഹൗസിന്റെ നവീകരണത്തിന് തടസമായി. ഒടുവില്‍ 2016 ല്‍ പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും പഞ്ചായത്തിലെ ഒരു വീട്ടിലും ഒരു തുള്ളി ജലം എത്തിയില്ല.
കമ്മിഷന്‍ ചെയ്തതിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം റോഡരികില്‍ ഇറക്കിയ പൈപ്പുകള്‍ കാടു കയറിയ നിലയിലാണുള്ളത്. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയ്ക്കു പുറമേ പമ്പ് ഹൗസിന്റെ കാലോചിത പരിഷ്‌കരണം, പൊറ്റമ്മല്‍ തടയണ, എന്നിവ യാഥാര്‍ഥ്യമായാല്‍ മാത്രമേ പ്രദേശവാസികളുടെ ദാഹത്തിനു ഒരളവോളം ശമനം വരൂ.
തുടരും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."