രാത്രിയാത്രാ നിരോധനം: നിലപാട് മാറ്റി കേന്ദ്രം
കല്‍പ്പറ്റ: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനപ്രശ്‌നത്തില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും നിലപാട് മാറ്റി. ഇന്നലെ പാര്‍ലമെന്റില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ബന്ദിപ്പൂരില്‍ മേല്‍പ്പാലങ്ങള്‍ പ്രായോഗികമല്ലെന്ന് പറഞ്ഞത്.
ഇതിനു വലിയ പണച്ചെലവ് വേണ്ടി വരുമെന്ന് പറഞ്ഞ മന്ത്രി പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയില്‍ പറഞ്ഞു.
ബന്ദിപ്പൂര്‍ വനമേഖലയില്‍ അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് രാത്രി ഗതാഗത നിരോധനം പിന്‍വലിക്കാമെന്ന് മന്ത്രാലയം 2018 ജൂലൈയില്‍ തീരുമാനിച്ചിച്ചതും ഇതിന് വരുന്ന ചെലവിന്റെ എസ്റ്റിമേറ്റ് തയാറാക്കിയതുമാണ്.
ഇതുപ്രകാരം കണക്കാക്കിയ 460 കോടി രൂപയില്‍ പകുതി കേന്ദ്ര റോഡ് ഗതാഗതവും ഹൈവേവകുപ്പും നല്‍കാമെന്നും ബാക്കി പകുതി കേരള സര്‍ക്കാര്‍ നല്‍കണമെന്നും ആയിരുന്നു തീരുമാനം.
വകുപ്പ് സെക്രട്ടറിയും പ്രശ്‌നപരിഹാരത്തിന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച കമ്മിറ്റി തലവനുമായ വൈ.എസ് മാലിക്ക് ഇതു സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രി നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തതാണ്.
എന്നാല്‍ കര്‍ണാടക പിന്നീട് നിലപാട് മാറ്റി.
സുപ്രിംകോടതി കമ്മിറ്റിയിലെ കേരളാ സര്‍ക്കാര്‍ പ്രതിനിധികള്‍ തുടക്കത്തില്‍ മേല്‍പ്പാലത്തെ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അവര്‍ തീരുമാനം മാറ്റുകയും, ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളാ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
മേല്‍പ്പാല പദ്ധതിക്ക് വരുന്ന ചെലവിന്റെ പകുതി വഹിക്കുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കേരളത്തിലെതന്നെ ഉദ്യോഗസ്ഥ ലോബി രാത്രിയാത്രാ നിരോധനം തുടരാനും സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാനുമുള്ള ഒത്താശകള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍തന്നെ തീരുമാനമായ കാര്യം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ശ്രമിക്കുകയായിരുന്നു കേരളാ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ ഒരു വര്‍ഷമായി വന്ന അലംഭാവമാണ് ഇപ്പോള്‍ തീരുമാനം കേരളത്തിന് എതിരാക്കിയത്. ഏറ്റവും അനുകൂലമായ ഒരു സാഹചര്യത്തെവച്ചുതാമസിപ്പിച്ച് എതിരാക്കിയത് ഇതിനായി പ്രവര്‍ത്തിച്ചവരില്‍ കടുത്ത നിരാശയാണ് സൃഷ്ടിക്കുന്നത്.
രാത്രിയാത്രാ നിരോധന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒരു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയോ നേരിട്ട് ഇടപെടുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."