ഗള്‍ഫ് പ്രതിസന്ധി; അനുരഞ്ജന ശ്രമം പരാജയത്തിലേക്കെന്ന് സൂചന
റിയാദ്: ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്നും സഊദിയും ഖത്തറും ഉടന്‍ കരാറുകളില്‍ എത്തുമെന്നുമുള്ള വാര്‍ത്തക്കിടെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതായി സൂചന. ഖത്തറിനെതിരേ ഉപരോധത്തിലേര്‍പ്പെട്ട സഊദി നേതൃത്വത്തിലുള്ള ചതുര്‍രാഷ്ട്ര സഖ്യത്തിലെ ഈജിപ്താണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ജി.സി.സി അംഗരാജ്യമായ കുവൈത്തിന്റെ ശ്രമങ്ങള്‍ കരാറില്‍ എത്തുന്നതില്‍ പരാജയപെട്ടതായാണ് ഈജിപ്ത് വ്യക്തമാക്കിയത്. ഈജിപ്ത് പ്രസിഡന്‍സി വക്താവ് ബസ്സാം റാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈജിപ്തിലെ സദാ അല്‍ ഇബാദ് ടി.വിയില്‍ ഒരു പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
തങ്ങള്‍ നിര്‍ദേശിച്ച ചില കാര്യങ്ങളില്‍ ഖത്തര്‍ ആത്മാര്‍ഥമായ ആഗ്രഹത്തോടും ശക്തമായ രാഷ്ട്രീയ ഇഛാശക്തിയോടും പ്രതികരിക്കുമ്പോള്‍ കാര്യങ്ങള്‍ മാറുമെന്നും പ്രതിസന്ധി ഒഴിവാക്കാന്‍ കുവൈത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2017 ല്‍ മധ്യത്തോടെ ഈജിപ്ത്, സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പിന്‍വലിക്കാന്‍ ഏതാനും ഉപാധികളും ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിസന്ധി കുറയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അടുത്തിടെ ഖത്തര്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ സഊദിയും മറ്റും അഭിനന്ദിക്കുകയും ഉടന്‍ പ്രതിസന്ധി അവസാനിക്കുമെന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത മാസം റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഒടുവില്‍ പുറത്തുവന്നിരുന്നത്. കുവൈത്ത് ശ്രമങ്ങളെ ഈജിപ്തും അഭിനന്ദിച്ചിരുന്നെങ്കിലും പിന്നീട് മലക്കം മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."