നാലു കടുവകള്‍ ഒന്നിച്ച്; പൂര്‍ണ വളര്‍ച്ചയെത്തിയ കടുവകള്‍ ഒറ്റയ്ക്കല്ലേ ഉണ്ടാവുകയെന്ന ചോദ്യം അപ്രസക്തമാവുന്നു
മാനന്തവാടി: വയനാടന്‍ കാട്ടിലെ കടുവയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ആദ്യം ഒരു കടുവ ബൈക്കിനു കുറുകെ ചാടിയത് മൊബൈല്‍ ക്യാമറയില്‍ കുടുങ്ങി. ഇപ്പോഴിതാ.. നാലു കടുവകള്‍ നിരനിരയായി നീങ്ങുന്നതിന്റെ ദൃശ്യം കൂടി പുറത്തുവന്നിരിക്കുന്നു.
കേരള- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക ബാവലിക്കും ബള്ളയ്ക്കും ഇടയില്‍ നാലു കടുവകള്‍ ഉള്‍വനത്തില്‍ നിന്ന് റോഡരികിലേക്ക് നടന്നുനീങ്ങുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. സാവധാനത്തിലാണ് എല്ലാം നടക്കുന്നത്. കര്‍ണാടക വനപാലകര്‍ക്കൊപ്പം കാനനയാത്ര നടത്തിയ യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്.
എന്നാലിപ്പോള്‍ ചര്‍ച്ച, കടുവകള്‍ കൂട്ടത്തോടെയുണ്ടാവുമോയെന്ന കാര്യത്തിലാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ കടുവ ഒറ്റയായി മാത്രമേ ഉണ്ടാവാറുള്ളൂയെന്നാണ് പറയുന്നത്. കുഞ്ഞുങ്ങളെ മാത്രമേ സാധാരണ കടുവ കൂടെ കൂട്ടാറുള്ളൂ. ഈ കാഴ്ച അപൂര്‍വ്വമാണെന്ന് വനപാലകരും സമ്മതിക്കുന്നു.
[video width="400" height="222" mp4="http://suprabhaatham.com/wp-content/uploads/2019/07/tiger-wayanad.mp4"][/video]
എന്നാല്‍, ഒന്നര വയസ്സു വരെ കടുവക്കുഞ്ഞുങ്ങള്‍ കൂടെ തന്നെയാണ് നടക്കാറുള്ളതെന്നും ഒന്നര വയസ്സുള്ള കടുവയെയും മറ്റുള്ളവരെയെയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും മറ്റു ചിലര്‍ പറയുന്നു. മുന്‍പും ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടുണ്ടെന്നും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പറയുന്നവരുമുണ്ട്.
വൈള്‍ഡ് ഫോട്ടോഗ്രാഫര്‍ ജെറിന്‍ ദിനേഷിന്റെ പോസ്റ്റ് കാണുക...
ഇതേപ്പറ്റി അഹമ്മദ് കരള്‍മണ്ണ പറയുന്നത് നോക്കുക
കടുവ ഒറ്റയ്ക്ക് ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്ന ജീവിയാണ്. അവയ്ക്ക് അധീനപ്രദേശപരിധി (Territory) യുണ്ട്. ആണ്‍ കടുവയുടെ അധീനപ്രദേശം പെണ്‍കടുവകളെ അപേക്ഷിച്ച് വളരെ വലുതായിരിക്കും. ഇണ ചേരുന്ന സമയത്ത് മാത്രമാണ് ആണ്‍പെണ്‍ കടുവകളെ ഒരുമിച്ച് കാണുകയുളളൂ. ഏകദേശം രണ്ടോ മൂന്നോ വയസ്സാകുമ്പോള്‍ കടുവയ്ക്ക് പ്രായപൂര്‍ത്തിയാകുന്നു. ഇണചേര്‍ന്ന് ഏകദേശം 103110 വരെ ദിവസത്തെ ഗര്‍ഭകാലത്തിന് ശേഷം പെണ്‍കടുവ മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. കുഞ്ഞുങ്ങള്‍ രണ്ടു മൂന്നു മാസം വരെ മുലപ്പാല്‍ മാത്രമാണ് ഭക്ഷിക്കുന്നത്. അതിനുശേഷം കുഞ്ഞുങ്ങള്‍ അമ്മയോടൊപ്പം ഇര തേടാന്‍ പോയിത്തുടങ്ങും. ഒന്നര വയസ്സ് പ്രായമുളള കടുവക്കുഞ്ഞുങ്ങളെ ഒറ്റനോട്ടത്തില്‍ മുതിര്‍ന്നവയില്‍ നിന്നും തിരിച്ചറിയുക വിഷമമാണ്. ഇത്തരത്തിലുളള അമ്മയേയും കുഞ്ഞുങ്ങളെയും നമ്മുടെ കാടുകളിലെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കടുവകള്‍ അച്ഛനും, അമ്മയും, മക്കളും, ബന്ധുക്കളുമടങ്ങിയ കൂട്ടങ്ങളായാണ് ജീവിക്കുന്നതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുകയുണ്ടായി. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം പ്രചരണങ്ങള്‍ അല്‍പ്പജ്ഞാനം കൊണ്ടുമാത്രമാണ് ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."