വിഴിഞ്ഞം സി.എച്ച്.സി രോഗക്കിടക്കയില്‍; കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
വിഴിഞ്ഞം: തീരദേശം പനിച്ച് വിറക്കുമ്പോള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നോക്കുകുത്തിയാകുന്നതായി പരാതി. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പ്രദേശവാസികളായ രണ്ടുപേരാണ് ഡെങ്കി പ്പനി ബാധിച്ച് മരിച്ചത്. മതിയായ ചികിത്സയോ പരിചരണമോ കൃത്യമായി ലഭിക്കാത്തതാണ് രണ്ടുപേരുടെയും മരണത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സ്വകാര്യ ആശുപ്രതികളില്‍ പോകാന്‍ നിവൃത്തിയില്ലാത്തവരാണ് ഗതികേടുകൊണ്ട് ഇപ്പോഴും സി.എച്ച്.സിയെ ആശ്രയിക്കുന്നത്. ഡോക്ടര്‍മാരുടെ അഭാവം,ജീവനക്കാരടെ കുറവ്, രോഗികളോടുളള മോശം പെരുമാറ്റം , അവശ്യ മരുന്നകളുടെ ദൗര്‍ലഭ്യം , വാര്‍ഡുകളിലെ വൃത്തി ഹീനമായ സാഹചര്യം തുടങ്ങിയവ കാലങ്ങളായുള്ള പരാതിയാണ്. പരാതികള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ദിനംപ്രതി നൂറിലധികം രോഗികള്‍ ഒ.പിയിലെത്തുന്നുണ്ട്. അന്‍പതോളം പേരെങ്കിലും കിടത്തി ചികിത്സയിലുമാണ്. പലപ്പോഴും ഒ.പി.യില്‍ പരിശോധനയ്ക്ക് ഒരു ഡോക്ടര്‍ മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ ആഹാരം പോലും കഴിക്കാതെയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അവശരാകും. ഇതിനിടയില്‍ കുഴഞ്ഞു വീഴുന്നവരുമുണ്ട്.
രാത്രിയിലെ സ്ഥിതി ഏറെ കഷ്ടമാണ്. ഡോക്ടര്‍ ഉണ്ടെങ്കിലുണ്ട്, ഇല്ലെങ്കിലില്ല എന്നതാണ് അവസ്ഥ. ആശുപത്രി ലാബിലെ അഞ്ച് മൈക്രോസ് കോപ്പുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
രോഗികളാരെങ്കിലും ഇവിടത്തെ ടോയ്‌ലെറ്റില്‍ കയറിയാല്‍ മറ്റെന്തെങ്കിലും അസുഖവും കൊണ്ടായിരിക്കും മടങ്ങുക. വാര്‍ഡുകലിലെ കിടക്ക വിരിപ്പുകള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ മാറ്റണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഭൂരിഭാഗം കിടക്കകളും കീറിപ്പറിഞ്ഞ് പഞ്ഞിയും,ചകിരിയുമെല്ലാം പുറത്തേക്ക് ചാടിയ അവസ്ഥയിലാണ്.
മുമ്പ് പ്രസവ ചികിത്സയടക്കം നടന്നിരുന്ന ആശുപത്രിയാണ് ഇപ്പോള്‍ പനിപിടിച്ചത്തുന്നവര്‍ക്കു പോലും മതിയായ ചികിത്സ നല്കാന്‍ കഴിയാതെ കിതക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."