പള്ളിപ്പുറം മലബാര്‍ സിമന്റ്സില്‍ ഉല്പാദനവും വില്പനയും പുനരാരംഭിച്ചു
പൂച്ചാക്കല്‍: പള്ളിപ്പുറം മലബാര്‍ സിമന്റ്സ് ഫാക്ടറിയില്‍ സിമന്റ് ഉല്‍പ്പാദനവും വില്‍പ്പനയും പുനരാരംഭിച്ചു. 500 ടണ്ണോളം സിമന്റാണ് വില്‍പ്പന നടത്തിയത്. ഫാക്ടറിയില്‍ സിമന്റ് ഉല്‍പ്പാദിപ്പിച്ച് സൂക്ഷിക്കുന്ന സൈലോയുടെ സംഭരണ ശേഷി 1000 ടണ്ണാണ്. ഇതില്‍ 800 ടണ്ണോളം സിമന്റ് ഇതിനോടകം ഉല്‍പ്പാദിപ്പിച്ച് സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് വില്‍പ്പന നടത്തിയത്. മൊത്ത വ്യാപാരികള്‍ക്ക് 357 രൂപ നിരക്കിലാണ് ഒരു ചാക്ക് സിമന്റ് നല്‍കുന്നത്. ഇതര ജില്ലകളില്‍ നിന്ന് ഉള്‍പ്പടെ ചെറുതും വലുതുമായ അന്‍പതോളം ലോറികള്‍ ഇന്നലെ സിമന്റ് ശേഖരിക്കുന്നതിന് പള്ളിപ്പുറത്ത് എത്തിയിരുന്നു. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് ഫാക്ടറി പ്രവര്‍ത്തന സമയം. ഇവിടുത്തെ സിമന്റ് നിര്‍മാണ രീതിയില്‍ ക്രമക്കേടെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി നല്കിയ പരാതിയില്‍ ബി.ഐ.എസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ഫാക്ടറിയില്‍ ഉല്‍പ്പാദനവും വില്‍പ്പനയും നിലച്ചത്. ഇതിനെതിരേ മലബാര്‍ സിമന്റ്സ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയും ഏറെ നാളത്തെ നിയമ നടപടികള്‍ക്കു ശേഷം ഉല്‍പ്പാദനവും വില്‍പ്പനയും പുനരാരംഭിക്കുന്നതിന് അനുമതി ലഭിക്കുകയുമായിരുന്നു. ഒന്നരമാസത്തോളം ഫാക്ടറിയില്‍ വ്യാപാരം നിലച്ചപ്പോള്‍ കോടിക്കണത്തിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. ദിവസ വേതന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."