കൊവിഡിന് ആയുര്‍വേദ ചികിത്സ ഭേഷജ ചികിത്സയ്‌ക്കെത്തിയത് 5,419 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ആരംഭിച്ച ആയുര്‍വേദ കൊവിഡ് ചികിത്സയ്ക്ക് മികച്ച പ്രതികരണം. ഭേഷജം എന്ന് പേരിട്ടിരിക്കുന്ന ചികിത്സാ പദ്ധതിയില്‍ ഇതുവരെ ചികിത്സ തേടിയെത്തിയത് 5,419 പേര്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് ഇത്രയധികം കൊവിഡ് രോഗികള്‍ ആയുര്‍വേദ ചികിത്സ തിരഞ്ഞെടുത്തത്. ഇവരില്‍ ആര്‍ക്കും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍ ചികിത്സ തേടേണ്ടി വന്നിട്ടില്ല.
ഇതുവരെ ചികിത്സ തേടിയ മുഴുവന്‍ ആളുകള്‍ക്കും ഫലപ്രദമായി ചികിത്സ നല്‍കാന്‍ ഭേഷജം പദ്ധതിക്കായി. അതിനാല്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ആയുര്‍വേദ ചികിത്സയ്ക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നത്.
2020 നവംബര്‍ 18ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കേരളത്തില്‍ കൊവിഡിന് ആയുര്‍വേദ, യോഗ ചികിത്സയ്ക്ക് അനുമതി നല്‍കിയത്.
ഗുരുതരമായ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക്, ആവശ്യപ്പെട്ടാല്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ വിദഗ്ധ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും. സ്റ്റേറ്റ് ആയുര്‍വേദ കൊവിഡ് 19 സെല്ലിനാണ് മേല്‍നോട്ട ചുമതല.
സംസ്ഥാനത്തെ 1206 ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെയാണ് ചികിത്സ നല്‍കുന്നത്. വീടുകളിലും ഫസ്റ്റ് അഥവാ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലുമുള്ള ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികള്‍ക്കാണ് ചികിത്സ ലഭ്യമാക്കുന്നത്. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ടെലിമെഡിസിന്‍ സംവിധാനവും വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ദുകാന്തം കഷായം, സുദര്‍ശനം ഗുളിക തുടങ്ങി രോഗാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി ഔഷധങ്ങളാണ് ഭേഷജം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ, ശ്വസനവ്യായാമവും ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നുണ്ട്. നിലവില്‍ പൂര്‍ണമായും സൗജന്യമായാണ് സേവനം.
ആയുര്‍വേദ ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് തൊട്ടടുത്ത് ആയുര്‍വേദ സ്ഥാപനവുമായി ബന്ധപ്പെടാം. ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ മുഖാന്തിരവും ചികിത്സ ആവശ്യപ്പെടാം. അര്‍ഹരായ രോഗികള്‍ക്ക് വീടുകളിലും അല്ലാത്തവര്‍ക്ക് കൊവിഡ് സെന്ററുകളിലും ചികിത്സ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."