ഇന്ധനവില കുതിച്ചുയരുന്നതോടെ ചരക്കുവാഹനമേഖലയും പ്രതിസന്ധിയിലായി
വാളയാര്‍: സംസ്ഥാനത്ത് ഇന്ധനവില അനുദിനം ഉയരുന്നതോടെ ചരക്കുവാഹനമേഖലയും കടുത്ത പ്രതിസന്ധിയാലായിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം ഡീസലിന് 9.90 രൂപയാണ് വര്‍ദ്ധിച്ചതെന്നിരിക്കെ ഡീസലിന് 75 രൂപയിലെത്തിയിരിക്കുകയാണ്.
ഇന്ധനവിലവര്‍ദ്ധനക്കു പുറമെ സ്‌പെയര്‍പാര്‍ട്‌സ് ദേശീയ-സംസ്ഥാനപാതകളിലെ ട്രോള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ്, കയറ്റിറക്കു കൂലിയിലെ വര്‍ദ്ധന എന്നിവ മൂലം ചരക്കുലോറി ഉടമകളുടെ നടുവൊടിഞ്ഞ സ്ഥിതിയാണ്. സാമ്പത്തികലാഭത്തിനു വേണ്ടി ട്രക്കുകള്‍ വാങ്ങാന്‍ വായ്പയെടുത്തവരാകട്ടെ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഡ്രൈവര്‍മാരെ ഒഴിവാക്കി ഉടമകള്‍ തന്നെ ഓടിച്ചിട്ടും കടംനികത്താന്‍ പാടുപെടുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. 9 ടണ്‍ ലോഡുമായി പോകുന്ന ലോറിക്ക് 14000 രൂപ വാടക കിട്ടുമെങ്കില്‍ ഈ ലോഡ് ഇറക്കിയാല്‍ തന്നെ റിട്ടേണ്‍ലോഡ് കിട്ടാന്‍ ദിവസങ്ങള്‍ കാത്തുകിടക്കണം വാഹനങ്ങള്‍ക്ക്.
ഇത്തരത്തില്‍ റിട്ടേണ്‍ ലോഡിനു കീടിയുള്ള ഡീസല്‍, ട്രോള്‍, ഡ്രൈവര്‍ബത്ത, ബ്രോക്കര്‍ ഓഫീസ് കമ്മീഷന്‍ എല്ലാം കൂടി 12500 രൂപയോളം ചിലവുവരും. ഒരു ചരക്കുവാഹനത്തിന്റെ പ്രതിദിന ഇന്‍ഷൂറന്‍സ് തുക 115 രൂപയും പ്രതിദിനടാക്‌സ് 173 രൂപയും പ്രതിദിനചിലവ് 375 രൂപയുമോളം വരും. ഇതിനെല്ലാം പുറമെ മെക്കാനിക്കല്‍, ടെസ്റ്റ് വര്‍ക്ക്, ടയറിന് 175 രൂപ, പെര്‍മിറ്റിന് 330 രൂപ എന്നിവയും പ്രതിദിനം 795 രൂപയോളം ഉടമ ഒരു ചരകക്കുവാഹനത്തിനുവേണ്ടി നീക്കി വെക്കണം.
ഇതെല്ലാം കൂടി കണക്കാക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഓരോ ട്രക്കുടമയ്ക്കും പ്രതിദിനം 500 രൂപയോളം നഷ്ടത്തിലാണ്. ഇതിനുപുറമെ ഓട്ടമില്ലാത്ത ദിവസങ്ങളും ഹര്‍ത്താലുകളുമൊക്കെ വരുമ്പോള്‍ നഷ്ടക്കണക്ക് വേറെയുമാണ്. ഇതിനു പുറമെ വാഹനത്തിന്റെ ലോണ്‍ അടവിനുവേണ്ടിയുള്ള തുകയും ദിവസേനയുള്ള നഷ്ടവും,
വാഹനവിലയും വാഹന ഡിപ്രസിയേഷനുമെല്ലാം കൂടി കണക്കാക്കുമ്പോള്‍ ചരക്കുലോറി വ്യവസായം നടുവൊടിഞ്ഞ നിലയിലാണ്. ചരക്കുലോറി വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും സര്‍ക്കാര്‍ സംവിധാനം പ്രഹസനമാകുകയാണെന്ന ആക്ഷേപങ്ങളുയരുകയാണ്. സംസ്ഥാനത്തിന്റെ വ്യവസായമേഖലയില്‍ നല്ലൊരു പങ്കു വഹിക്കുന്നതും ചരക്കുവാഹനങ്ങളാണെന്നിരിക്കെ അനുദിനം ഉണ്ടാകുന്ന ഇന്ധനവിലയും മറ്റും ചരക്കുവാഹനമേഖലയെ ബാധിക്കുന്നതോടെ ചരക്കുവാഹന ഉടമകള്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വ്യാപാരമേഖലയും പ്രതിസന്ധിയിലാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."