കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന. പാര്‍ട്ടിയുടെ എല്ലാതലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് നേരിട്ടും പോസ്റ്ററുകളുടെ രൂപത്തിലും സജീവമായെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ അഴിച്ചുപണി നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഡി.സി.സി തലത്തില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റിയേക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഈ മാസം 27ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു ശേഷം ഡി.സി.സി അധ്യക്ഷന്മാരുടെയും കെ.പി.സി.സി സെക്രട്ടറിമാരുടെയും യോഗവും നടക്കുന്നുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനുള്ളിലുണ്ടായ കലാപത്തിന് അയവ് വന്നിട്ടുണ്ട്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകള്‍ക്ക് എ.ഐ.സി.സി വിലക്കേര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച നേതാക്കള്‍ നിലപാട് മയപ്പെടുത്തുകയോ നിശബ്ദരാവുകയോ ചെയ്തിട്ടുണ്ട്.
നിലവില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കെ.മുരളീധരന്‍ എം.പി നിലപാട് മയപ്പെടുത്തി. പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഇനിയും ഏകോപനമില്ലെങ്കില്‍ താന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം. പാര്‍ട്ടിയില്‍ അടിമുടി മാറ്റംവരണമെന്ന ആവശ്യത്തില്‍ നിന്ന് ഇവരൊക്കെയും പിന്നോക്കം പോകുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. എന്നാല്‍ പോസ്റ്റര്‍ യുദ്ധം ഇന്നലെയും തുടര്‍ന്നു. തൃശൂരും കൊല്ലത്തും സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
വിവാദങ്ങളില്‍ നിന്ന്
പിന്‍വാങ്ങി ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തോല്‍വിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളില്‍ നിന്ന് മുസ്‌ലിം ലീഗും പിന്‍വാങ്ങി. ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തര്‍ക്കം നീട്ടിക്കൊണ്ടു പോകുന്നത് എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. വിവാദങ്ങള്‍ മൂര്‍ച്ഛിപ്പിക്കാനില്ല. വെല്‍ഫെയര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇനിയും തര്‍ക്കത്തിനുമില്ല. എല്‍.ഡി.എഫ് ജയിച്ചത് പൊതുജന താല്‍പര്യമുള്ള സേവന കാര്യങ്ങളിലൂന്നിയാണെന്ന് വ്യക്തമായതിനാല്‍ ഇനിയതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."