ദേശീയ പാത: പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലെ ടൈല്‍പാകല്‍ പണി പൂര്‍ത്തിയായി
അമ്പലപ്പുഴ: ദിവാന്‍ ഭരണത്തിനും രാജവാഴ്ചക്കുമെതിരെ സമരം ചെയ്ത പുന്നപ്രയുടെ മണ്ണില്‍ നിന്നും കേരളത്തില്‍ പുതിയ റോഡ് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ദേശീയപാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനില്‍ ടൈല്‍ പാകി നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ടുമാസമേ ആയുളളൂ. എന്നാല്‍ കഴിഞ്ഞ എട്ടു മാസമായി റോഡു തകര്‍ന്നു കിടക്കുകയാണ്. കളിയിക്കാവിള മുതല്‍ കാസര്‍ഗോഡു വരെയുളള എന്‍ എച്ച് 47 ഉം, 17 ഉം വളരെമോശം തരത്തിലാണ് നിര്‍മ്മിച്ചത്. ഇതില്‍ ഏറ്റവും മോശമായ അവസ്ഥ ചേര്‍ത്തല മുതല്‍ കായംകുളം വരെയുളള 80 കിലോ മീറ്റര്‍ ഭാഗമാണ്. 60 കോടിരൂപയുടെ നിര്‍മ്മാണമായിരുന്നുളളത്. ഇതില്‍ പകുതി പണം പോലും റോഡിനായി ചെലവഴിച്ചില്ല. ഇതിനെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. കരാര്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒന്നരവര്‍ഷം ബാക്കിയുളളപ്പോഴാണ് റോഡ് തകര്‍ന്നത്.
ഈ അഴിമതിയെ തുറന്നുകാണിക്കുകയും റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുമാണ് ഇപ്പോള്‍ ബി ജെപി ക്കാര്‍ സമരം നടത്തുന്നത്. റോഡ് പണിയാതിരുന്നകാലത്ത് ഒരു സമരവും അവര്‍ നടത്താതിരുന്നത് അഴിമതിക്കു കൂട്ടുനിന്ന് പണം കൈപ്പറ്റിയുളളകൊണ്ടാണ് . 70 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ഇപ്പോള്‍ ടൈല്‍ പാകിയത്. പാതയുടെ ഇരുവശവുമുളള ബാക്കിഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കും. ഇതിന് ഒരാഴ്ചകൂടിവേണ്ടിവരും.
പ്ലാസ്റ്റിക്, കയര്‍ജിയോടെക്‌സ് റബ്ബര്‍ എന്നിവയുപയോഗിച്ച് കേരളത്തില്‍ നൂതനമായ റോഡുകള്‍ നിര്‍മ്മിക്കും. 56 കോടിയുടെ ചെലവില്‍ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന ഹൈവേ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എം ഷീജ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതാബാബു, കെ എം ജുനൈദ്, ആര്‍ റജിമോന്‍, സിപിഐ(എം) ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ ജഗദീശന്‍, പിജി സൈറസ്, ജമാല്‍ പളളാതുരുത്തി, പുന്നപ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യാപാരികള്‍ ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍,സമീപവാസികളായ നാട്ടുകാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിര്‍മ്മാണപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിജോ, അസിസ്റ്റന്റ് എഞ്ചിനീയര്‍ നിഹാല്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."