സെന്‍കുമാറിനു വേണ്ടി കോടതി കയറി, ഹാരിസ് ബീരാനെ സര്‍ക്കാര്‍ ഒഴിവാക്കി
തിരുവനന്തപുരം: പൊലിസ് മേധാവി ടി.പി സെന്‍കുമാറിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാനെ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
പത്തു വര്‍ഷമായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കേസുകള്‍ വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു. എന്നാല്‍, സെന്‍കുമാറിനുവേണ്ടി സുപ്രിംകോടതിയില്‍ വാദിക്കുകയും സര്‍ക്കാരിന് പ്രതികൂലമായി വിധി നേടിയെടുക്കുകയും ചെയ്തതാണ് സര്‍ക്കാരിനെ ഇപ്പോള്‍ ചൊടിപ്പിച്ചതെന്നാണ് സൂചന.
ഹാരിസ് ബീരാനു പകരം വി.ഗിരിയെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനിടെ 13കേസുകളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജോണ്‍ മാത്യുവിനെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇരുവരെയും മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം അടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറി. എന്‍.സി.പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസം മുന്‍പാണ് ജോണ്‍ മാത്യുവിനെ സ്റ്റാന്‍ഡിങ് കൗണ്‍സലായി സര്‍ക്കാര്‍ നിയമിച്ചത്.
അതിനിടെ, അടുത്തമാസം15 മുതല്‍ 7,000 രൂപയില്‍ താഴെ വരുമാനമുള്ള ഓര്‍ഡിനറി സര്‍വിസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ എം.ഡി നിര്‍ദേശം നല്‍കി. ആറര മണിക്കൂറില്‍ അധികം ജോലിചെയ്യുന്നവര്‍ക്കു ശേഷിച്ച സമയത്തിനു തുല്യമായ തുക നല്‍കും. 7000 രൂപയില്‍ താഴെയുള്ള ഏതെങ്കിലും ഓര്‍ഡിനറി സ്റ്റേ സര്‍വിസുകള്‍ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ അവയെ ഡബിള്‍ ഡ്യൂട്ടിയായി പുനഃക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."