കോട്ടപ്പുറം-അച്ചാംതുരുത്തി പാലം അടുത്ത മാസം തുറന്നു കൊടുക്കും
കോട്ടപ്പുറം: കോട്ടപ്പുറം-അച്ചാംതുരുത്തി റോഡ് പാലം അടുത്ത മാസം കാല്‍നടയാത്രക്കാര്‍ക്ക് തുറന്നു കൊടുക്കും. ഓഗസ്റ്റോടെ ഇതുവഴി വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയും. പാലത്തിന്റെ ഒരു സ്ലാബിന്റെ പണി മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്. ജൂണ്‍ ആദ്യവാരം ഇതു പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണു നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകാന്‍ കഴിയും. അപകടാവസ്ഥയിലായ കോട്ടപ്പുറം- അച്ചാംതുരുത്തി നടപ്പാലത്തില്‍ നിന്നുള്ള മോചനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകും.
റോഡ് പാലത്തിനിരുവശവും സമീപനറോഡിന്റെ പണി കൂടി നടക്കാനുണ്ട്. ഇതിനാവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചു കഴിഞ്ഞു. ഇരുവശവും കരിങ്കല്ലുകൊണ്ട് പാര്‍ശ്വഭിത്തികള്‍ കെട്ടി ഉയര്‍ത്തിയാണ് സമീപ റോഡ് നിര്‍മിക്കുക. ജൂലൈയില്‍ ഇതിന്റെയും പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതോടെ ഓഗസ്റ്റില്‍ റോഡ്പാലം പൂര്‍ണമായും യാത്രക്കാര്‍ക്കു തുറന്നുകൊടുക്കാന്‍ കഴിയും. പണി പൂര്‍ത്തിയായാല്‍ ജില്ലയിലെ ഏറ്റവും വലിയ പാലമായിരിക്കുമിത്. മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നടുഭാഗത്തെ കോണ്‍ക്രീറ്റ് കേബിള്‍ സ്ട്രസിങ് നടത്തുമ്പോള്‍ വിള്ളല്‍ വീണതിനാല്‍ ആ ഭാഗം പൊളിച്ചു നീക്കേണ്ടിവന്നു. അതോടെ പ്രവര്‍ത്തി നീളുകയായിരുന്നു.
2010 ജൂലായ് 15 നായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവിധ കാരണങ്ങളാല്‍ 86 മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറഷന്‍ ലിമിറ്റഡാണ് ആദ്യം പ്രവൃത്തി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി.ടി മത്തായി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇയാളെ മാറ്റുകയും പ്രവൃത്തി ജി.എം എന്‍ജിനിയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ കരാറുകാരനെ ഇടയ്ക്കു മാറ്റേണ്ടി വന്നതും പുതിയ കരാറുകാരനെ ഏല്‍പിച്ചതില്‍ വന്ന സാങ്കേതികമായ കാലതാമസവുമാണ് പ്രധാനമായും നിര്‍മാണം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."