നിയമവഴി നോക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമുദായികമൈത്രി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അപ്രഖ്യാപിത അറവുനിരോധനം നിയമപരമായി എങ്ങനെ നേരിടാന്‍ കഴിയുമെന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മാധ്യമ എഡിറ്റര്‍മാരുമായുള്ള ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറവിനു വേണ്ടി കന്നുകാലികളെ വില്‍ക്കരുതെന്ന ഉത്തരവിലൂടെ രാജ്യവ്യാപകമായി അറവുനിരോധനം കൊണ്ടുവരികയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. റമദാന്‍ ആരംഭദിനത്തില്‍തന്നെ ഇതു പ്രഖ്യാപിച്ചത് പ്രകോപനമുണ്ടാക്കാനാണ്. തങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ ഭക്ഷിച്ചാല്‍ മതിയെന്ന സംഘ്പരിവാറിന്റെ ധാര്‍ഷ്ട്യമാണിത്. ഇതിനെ ചെറുക്കാന്‍ മുഴുവന്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ടാകണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍നിന്നു ഒഴിഞ്ഞുമാറുന്നുവെന്ന ആരോപണം ശരിയല്ലെന്നു സമര്‍ഥിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് എഡിറ്റര്‍മാര്‍ വിശദവും ചിലപ്പോള്‍ നിശിതവുമായ വിലയിരുത്തല്‍ നടത്തി. അവയെല്ലാം പൂര്‍ണശ്രദ്ധയോടെ കേട്ട് ആവശ്യമായ കുറിപ്പുകളെടുത്ത് മുഖ്യമന്ത്രി ഓരോ വിലയിരുത്തലിനോടും പ്രതികരിച്ചു.
എല്ലാ മന്ത്രിസഭായോഗത്തിലും കാതലായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതുകൊണ്ടാണ് മാധ്യമസമ്മേളനം വിളിച്ചുചേര്‍ക്കാത്തതെന്നും ഇനിമുതല്‍ പ്രധാന തീരുമാനങ്ങളുണ്ടാകുമ്പോള്‍ പത്രസമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ മാധ്യമവിമര്‍ശനങ്ങളെ സര്‍ക്കാര്‍ പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യും. അതേസമയം, സ്ഥാപിതതാല്‍പര്യത്തോടെ നടത്തുന്ന തെറ്റായ വിമര്‍ശനങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതിയും പാതിവഴിയില്‍ നിര്‍ത്തില്ല, ഒരു തീരുമാനവും മാറ്റുകയുമില്ല.
നദികളുടെ ശുചീകരണത്തിനായി വേണമെങ്കില്‍ പുതിയ ബോര്‍ഡ് രൂപീകരിക്കും. മാലിന്യസംസ്‌കരണപദ്ധതി ഉദ്ദേശിച്ച രീതിയില്‍ ഫലപ്രദമായിട്ടില്ല. അതു പരിഹരിക്കാന്‍ നടപടിയെടുക്കും. വ്യവസായസംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസമൊഴിവാക്കാന്‍ പുതിയ വ്യവസായ നയത്തില്‍ സംവിധാനമൊരുക്കും.
കേരളബാങ്ക് നിലവില്‍വരുന്നതുമൂലം പ്രാഥമിക സഹകരണബാങ്കുകള്‍ക്കു തളര്‍ച്ചയല്ല വളര്‍ച്ചയാണുണ്ടാവുക. ജില്ലാ ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ പ്രാഥമിക സഹകരണബാങ്കുകള്‍ നേരിട്ട് കേരളബാങ്കിന്റെ നിയന്ത്രണത്തില്‍വരും. നബാര്‍ഡിന്റെ വായ്പയും മറ്റും സഹകരണബാങ്കുകള്‍ക്ക് കുറഞ്ഞനിരക്കില്‍ ലഭിക്കും.
ജി.എസ്.ടി നടപ്പാക്കുന്നതില്‍ വ്യാപാരമേഖല ആശങ്കപ്പെടേണ്ടതില്ല. വികസനപദ്ധതികള്‍ അംഗീകരിച്ചുകിട്ടുന്ന മുറയ്ക്ക് കിഫ്ബിയില്‍നിന്നു ഫണ്ട് നല്‍കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."