ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് വലനെയ്ത്തു ഫാക്ടറിയില്‍ ജോലി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മുട്ടത്തറയിലെ വലനെയ്ത്തു ഫാക്ടറിയില്‍ തൊഴില്‍ നല്‍കി.
42 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. 41 പേര്‍ക്ക് മുട്ടത്തറയിലെ ഫാക്ടറിയിലും ഒരാള്‍ക്ക് കണ്ണൂരിലെ ഫാക്ടറിയിലുമാണ് ജോലി നല്‍കുന്നത്. 40 വയസില്‍ താഴെയുള്ളവരാണ് എല്ലാവരും. കുട്ടികളെ ബോര്‍ഡിങില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും.
മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് മന്ത്രി കൈമാറി. പ്രളയ ദുരന്ത കാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ഇതിനു ശേഷം റോഡ് അപകടത്തില്‍ മരിക്കുകയും ചെയ്ത ജിനീഷിന്റെ കുടുംബത്തിന് വീടു വച്ചു നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓഖിയില്‍ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2037 വരെയുള്ള വിദ്യാഭ്യാസ ചെലവിന് തുക നീക്കി വച്ചു.
ഓഖി തകര്‍ത്ത കുടുംബങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ മേഖലയിലുള്ളവരെ തീരത്തു നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയുണ്ടാവും. ശംഖുംമുഖം മുതല്‍ പുത്തന്‍തുറ വരെയുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ അധ്യക്ഷനായി. എം.ഡി ഡോ. ലോറന്‍സ് ഹാരോള്‍ഡ്, ഭരണ സമിതി അംഗങ്ങള്‍, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."