406 ഇടങ്ങളില്‍ തൂക്കുസഭകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളില്‍ 406 ഇടത്ത് ഭരണം ഞാണിന്മേല്‍ കളി. തൂക്കുസഭകളില്‍ വിമതരേയും സ്വതന്ത്രരേയും കൂട്ടിയാണ് ഏറ്റവും വലിയ കക്ഷി ഭരണമുറപ്പിച്ചത്. ഇതില്‍ ഏറ്റവും കുടുതല്‍ ഇടതുമുന്നണിയാണ് ഭരണം പിടിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് തന്നെ ഉറപ്പില്ല. ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി അംഗങ്ങള്‍ അധികാരത്തില്‍ വന്നെങ്കിലും 28നും 30നും നടക്കുന്ന അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലെ ആര്‍ക്കാണ് ഭരണമെന്ന് ഉറപ്പിക്കാന്‍ കഴിയൂ. ഇനി ഒരാഴ്ച സമയമുള്ളതിനാല്‍ വിമതരെ ഒപ്പം കൂട്ടാന്‍ ഇപ്പോഴും ഇരു മുന്നണികളും രഹസ്യ നീക്കത്തിലാണ്.
349 ഗ്രാമപഞ്ചായത്തുകളിലും പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും 43 നഗരസഭകളിലും കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലും വയനാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളിലുമാണ് ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തത്. ചിലയിടങ്ങളില്‍ വിമതരെ ചാക്കിട്ട് പിടിച്ചു മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇടതു മുന്നണി ഭരണം ഉറപ്പിച്ചിട്ടുണ്ടെങ്കിലും കയ്യാലപുറത്തെ തേങ്ങ പോലെയാണ് അവസ്ഥ.
നിലവില്‍ 371 ഗ്രാമ പഞ്ചായത്തുകളിലും 105 ബ്ലോക്ക് പഞ്ചായത്തുകളിലും 10 ജില്ലാ പഞ്ചായത്തുകളിലും 19 നഗരസഭകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലുമാണ് ഇടതു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത്. യു.ഡി.എഫിനാകട്ടെ 211 ഗ്രാമ പഞ്ചായത്തുകളിലും 37 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് വ്യക്തമായ ഭൂരിപക്ഷം. ബി.ജെ.പിക്ക് രണ്ട് ഗ്രാമ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ട്. മറ്റുള്ളവര്‍ക്ക് എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷമുണ്ട്.
മുന്നണികള്‍ക്ക് വാര്‍ഡ് അംഗങ്ങള്‍ ഇങ്ങനെ
ഇടതുമുന്നണിക്ക് ഗ്രാമപഞ്ചായത്തില്‍ 7,262 അംഗങ്ങളും ബ്ലോക്കില്‍ 1,266 അംഗങ്ങളും ജില്ലാ പഞ്ചായത്തില്‍ 212 അംഗങ്ങളുമുണ്ട്. 1,167 നഗരസഭ കൗണ്‍സിലര്‍മാരും 207 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമുണ്ട്.
യു.ഡി.എഫിനാകട്ടെ 5,893 ഗ്രാമപഞ്ചായത്ത് അംഗങ്ങളും 727 ബ്ലോക്ക് അംഗങ്ങളും 110 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 1,172 നഗരസഭ കൗണ്‍സിലര്‍മാരും 120 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമുണ്ട്. ബി.ജെ.പിക്ക് 1,182 ഗ്രാമപഞ്ചായത്ത് അംഗങ്ങളും 37 ബ്ലോക്ക് അംഗങ്ങളും രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും 320 നഗരസഭ കൗണ്‍സിലര്‍മാരും 59 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുമുണ്ട്. 1,620 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 49 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ആറ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും 416 നഗരസഭാ കൗണ്‍സിലര്‍ മാരും 27 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും മറ്റുള്ള വിഭാഗത്തിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."