വിദേശ മദ്യവില്‍പ്പനശാല പൂട്ടാനുള്ള ഉത്തരവ് കൈപ്പറ്റിയില്ല; ഉദ്യോഗസ്ഥനെതിരെ കൗണ്‍സിലറുടെ പരാതി
ചെങ്ങന്നൂര്‍: തോട്ടിയാട്ടെ ബിവറേജസ് മദ്യവില്‍പ്പന ശാല പൂട്ടി സീല്‍ ചെയ്യണമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് കൈപ്പറ്റാതിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നഗരസഭാ കൗണ്‍സിലര്‍ പരാതി നല്‍കി.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല 24 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടി സീല്‍ ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി ആര്‍ രാഹേഷ്‌കുമാര്‍ 26 ന് ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ഭരതനെ ചുമതലപ്പെടുത്തി കത്തു നല്‍കിയിരുന്നു. കത്ത് കൈപ്പറ്റാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോവുകയും ഇന്നലെ നഗരസഭയില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെതിരെയാണ് നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്.
ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും മദ്യവില്‍പ്പനശാല ഉടനടി അടച്ചു പൂട്ടാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഷിബുരാജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് മെമ്മോ നല്‍കാന്‍ നടപടി സ്വീകരിച്ചത്.
മെമ്മോ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും അല്ലാത്തപക്ഷം ശിക്ഷണ നടപടി സ്വീകരിക്കേണ്ടിവരുമെന്നും മെമ്മോയില്‍ പറയുന്നു. 26ന് ഉച്ചയ്ക്ക് 2.30ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ബിവറേജസ് മദ്യവില്‍പ്പനശാല നിയമാനുസൃതം അടച്ചുപൂട്ടുന്നതിന് നഗരസഭാ കൗണ്‍സില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന പ്രമേയം വോട്ടിനിട്ട് പാസ്സാക്കിയത്.
യു.ഡി.എഫ്, ബി.ജെ.പി, ഒരു ഇടതുപക്ഷ അംഗം എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഒരു സ്വതന്ത്ര അംഗവും ഏഴ് ഇടതുപക്ഷ അംഗങ്ങളും ഉള്‍പ്പെടെ 8 പേരാണ് പ്രമേയത്തെ എതിര്‍ത്തിരുന്നത്. മൂന്ന് ദിവസം മുന്‍പ് മദ്യവില്‍പ്പന ശാല അടച്ചുപൂട്ടി വിവരം നഗരസഭയെ അറിയിക്കണമെന്ന മദ്യവില്‍പ്പനശാല മാനേജര്‍ക്കുള്ള സെക്രട്ടറിയുടെ കത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. മദ്യവില്‍പ്പനശാല അടച്ചുപൂട്ടി സീല്‍ ചെയ്യുന്നതിന് നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കത്തു നല്‍കിയിരുന്നു.
മദ്യവില്‍പ്പനശാല പൂട്ടുന്നതിനുള്ള എല്ലാ നിയമ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ചെങ്കിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉത്തരവ് കൈപ്പറ്റാതിരിക്കുകയും ഇന്നലെ നഗരസഭയില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്നലെ മദ്യവില്‍പ്പനശാല പൂട്ടാന്‍ കഴിയാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."