കാടാശ്ശേരി നിവാസികളുടെ പ്രതിഷേധം: എട്ടാം തവണയും ഭൂമി അളക്കാനാവാതെ അധികൃതര്‍ മടങ്ങി
മേപ്പാടി: മൂപ്പൈനാട് വില്ലേജ് പരിധിയിലെ കാടാശേരിയിലെ വിവാദ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇന്നലെ രാവിലെയാണ് ഭൂമിയളക്കാന്‍ കോടതിയില്‍ നിന്നുള്ള കമ്മീഷനും സംഘവം കാടാശ്ശേരിയില്‍ എത്തിയത്.
എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തത്തെ തുടര്‍ന്ന് ഇവര്‍ക്ക് നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. രാവിലെ പത്ത് മണിക്ക് സംഘം എത്തുമെന്നുള്ള വിവരത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ എട്ട് മണിയോടെ തന്നെ പ്രദേശത്തെ അങ്കണവാടി ജങ്ഷനില്‍ തടിച്ചുകൂടി. എന്നാല്‍ പതിനൊന്ന് മണിയോടെയാണ് വന്‍ പൊലിസ് സന്നാഹത്തോടെ കമ്മീഷന്‍ സ്ഥലത്ത് എത്തിയത്.
തര്‍ക്കത്തിലുള്ള ഭൂമി അളക്കാന്‍ കോടതി ഉത്തരവുമായെത്തിയവരെ പ്രദേശവാസികള്‍ വടം കെട്ടി തടയുകയായിരുന്നു. കോടതി നടപടി തടസപ്പെടുത്തിയതിന് സ്ത്രീകളടക്കം 20 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പിലാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. ഇത് എട്ടാം തവണയാണ് കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാടാശേരിയിലെ ഭൂമിയളക്കാനെത്തുന്നത്.കഴിഞ്ഞ ഏഴു തവണയും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമിയളക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
ഇത്തവണ നൂറോളം പൊലിസുകാരുടെ അകമ്പടിയോടെയാണ് കോടതി നിയോഗിച്ച കമ്മിഷന്‍ കാടാശ്ശേരിയില്‍ എത്തിയത്. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സര്‍വ സന്നാഹവുമായാണ് സംഘം എത്തിയത്. സമരക്കാരെ നേരിടാന്‍ ജലപീരങ്കിയടക്കമുള്ളവ സജ്ജമാക്കിയിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധസ്വരമുയര്‍ത്തിയതോടെ നടപടി പൂര്‍ത്തീകരിക്കാനായില്ല. പരാതിക്കാരന്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖ കാണിച്ചാല്‍ തങ്ങള്‍ പിന്‍മാറാമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കോടതിയുത്തരവ് നടപ്പിലാക്കാതെ തരമില്ലെന്ന് പൊലിസും കോടതി നിയോഗിച്ച കമ്മിഷനും ആവര്‍ത്തിച്ചു. ഇതോടെ ഒരു ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു.
ഉച്ചകഴിഞ്ഞും തുടര്‍ന്ന സമരത്തില്‍ പങ്കെടുത്ത് ദേഹാസ്വാസ്ഥ്യമുണ്ടായ വൃദ്ധരിലൊരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും പൊലിസ് പിന്‍മാറിയില്ല. ഒടുവില്‍ സമരക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്തത് ഉച്ചക്ക് ശേഷം 2.30 നാണ് സംഘം മടങ്ങിയത്.
കാടശേരി ആക്ഷന്‍ കമ്മിറ്റി നേതാക്കളായ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന, യഹ്യാഖാന്‍ തലക്കല്‍, ഹരിദാസന്‍, പി.കെ അനില്‍കുമാര്‍, വി.എന്‍ ശശിധരന്‍, എ.കെ റഫീഖ്, ജോളി സ്‌ക്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളവ് തടഞ്ഞത്. ഡി.വൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, എം.കെ മനോജ്, വൈത്തിരി സി.ഐ അബ്ദുല്‍ ഷരീഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ക്ക് സംരക്ഷണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."