സഊദിയിൽ കൊവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നു; പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: രാജ്യത്ത് കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചവരിൽ ഇത് വരെ പാർശ്വഫലങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം. സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ഇതിനകം വാക്സിൻ സ്വീകരിച്ചത്. എന്നാൽ ഇവരിൽ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും പൂർണ്ണ ആരോഗ്യവാന്മാരുമാണെന്നും സഊദി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഊദി ആദ്യ ഘട്ട വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചത് ആദ്യ ഘട്ടത്തിൽ 440,000 പേർക്ക് വാക്സിൻ നൽകും. കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരും അപ്രതീക്ഷിത ലക്ഷണങ്ങളൊന്നും ഇത് വരെ പ്രകടിപ്പിച്ചില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുൽ അലി ട്വിറ്ററിൽ അറിയിച്ചു. നിലവിൽ റിയാദിൽ മാത്രമാണ് വാക്സിൻ വിതരണം നടക്കുന്നത്. ഉടൻ തന്നെ കിഴക്കൻ, പടിഞ്ഞാറൻ പ്രാവിശ്യകളിലും സെന്ററുകൾ തുറക്കും ദിനേന ആയിരക്കണക്കിന് ആളുകളാണ് മന്ത്രാലയത്തിന്റെ 'സിഹതീ' മൈബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യുന്നത്.
ഗർഭിണികൾ, മുലകുടി തുടരുന്ന അമ്മമാർ, രണ്ട് മാസത്തിനുള്ളിൽ ഗർഭിണി ആകുമെന്ന് കരുതുന്ന സ്ത്രീകൾ, വിവിധ അലർജികൾ ഉള്ളവർ, 90 ദിവസത്തിനുള്ളിൽ കൊവിഡ് വൈറസ് വന്ന് രോഗമുക്തി നേടിയവർ തുടങ്ങിയവർക്ക് വാക്സിൻ അനുവദിക്കുകയില്ലെന്ന് മന്ത്രാലയ അറിയിപ്പിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."