അതിരുകളില്ലാത്ത ലോകം
രാജ്യാതിര്‍ത്തിയിലെ വൈകുന്നേര പരേഡ് ഗാലറിയില്‍ സ്വസ്ഥമായിരുന്ന് കണ്ട് അവര്‍ പുറത്തിറങ്ങി. കൂട്ടംതെറ്റിപ്പോയാല്‍ പുറത്ത് വണ്ടി പാര്‍ക്കുചെയ്തിടത്തേക്ക് വന്നെത്താനാണ് നിര്‍ദേശിച്ചിരുന്നത്. പല കൂട്ടങ്ങളായി എല്ലാവരും എത്തിയപ്പോള്‍ തൊട്ടടുത്ത് തന്നെയുള്ള ഒരു കോഫി ഷോപ്പിലേക്ക് അവര്‍ നീങ്ങി. നല്ല തണുപ്പുണ്ടായിരുന്നു. ശീതംപേറുന്ന വരണ്ട കാറ്റും അകമ്പടിസേവിക്കുന്നു.
''എങ്ങനെയുണ്ടായിരുന്നു പരേഡ്?'' ചായകുടിച്ച്‌കൊണ്ട് നില്‍ക്കേ ജീവന്‍ മാഷ് ചോദിച്ചു.
''ഗംഭീരം''. കുട്ടികള്‍ ഒന്നിച്ചു പറഞ്ഞു.
''എനിക്ക് ദേഹം മുഴുവന്‍ തരിച്ചുകയറി''. അലന്‍ പറഞ്ഞു.
''ശരിയാട്ടോ... ത്രില്ലടിച്ച് പോയി''. കുട്ടികളില്‍ പലരും അത് ശരിവച്ചു.
''ദാ അങ്ങോട്ട് നോക്കൂ'' മാഷ് അല്‍പ്പം അകലേയ്ക്ക് കൈചൂണ്ടി.
''ആ കാണുന്ന ആകാശം വേറൊരു രാജ്യത്തിന്റെ ഭൂഭാഗത്തിന് മീതെയാണ്. യാത്രചെയ്ത് യാത്രചെയ്തു നമ്മളിപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഒരതിരില്‍ വന്നുനില്‍ക്കുകയാണ്, ഹാ!...
വിദേശത്ത് പോയപ്പോള്‍ പലപ്പോഴും ഞാനീ കൗതുകം ആസ്വദിച്ചിട്ടുണ്ട്. ജര്‍മനിയെയും പോളണ്ടിനെയും വേര്‍തിരിക്കുന്ന, ബല്‍ജിയത്തെയും ഹോളണ്ടിനെയും വ്യത്യസ്തമാക്കുന്ന അതിരുകളില്‍ ഒക്കെ ഇങ്ങനെ ചെന്നുനിന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ മനസിലുണര്‍ന്ന ആലോചന എന്താണെന്നോ, നമുക്കും പക്ഷികളെപ്പോലെ പറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാണ്. എന്നാല്‍ മനുഷ്യര്‍ കല്‍പ്പിച്ചുവച്ച അതിരുകളെല്ലാം ഭേദിച്ച് നമുക്കവിടെയെല്ലാം പറന്ന് ചെല്ലാമായിരുന്നു. ഒരു വിവേചനവും തടസവും നേരിടേണ്ടി വരില്ലായിരുന്നു! ''.
മാഷ് ചായ കുടി അവസാനിപ്പിച്ച് കടക്കാരന് പണം നല്‍കി, അതിര്‍ത്തിയിലെ കാഴ്ചകള്‍ കാണാനായി കുറച്ചു നേരംകൂടി ചെലവഴിച്ചു.
''പാസ്‌പോര്‍ട്ടില്ലാതെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കാനാവുകയെന്നത് എന്റെ സ്വപ്‌നമാണ് ''.
ചിന്തച്ചേച്ചി പറഞ്ഞു.
''അതിന് പക്ഷേ ലോകക്രമം ഏറെ മാറേണ്ടിവരും. രാജ്യങ്ങള്‍ തമ്മില്‍, ജനതകള്‍ തമ്മില്‍ അത്രയും സൗഹൃദവും സ്‌നേഹവും നിലനില്‍ക്കണം. ലോകം മാറണം''.
മാഷ് നെടുവീര്‍പ്പിട്ടു.
''ശരിയാ അല്ലെ? അപ്പോള്‍ നമുക്ക് ഒരു പരിശോധനയും തടസങ്ങളും കൂടാതെ എവിടെയും പോയിവരാം. ഹാ എന്തു രസമായിരിക്കും''. ഫിദല്‍ പറഞ്ഞു.
''അങ്ങനെയായിരുന്നുവെങ്കില്‍ എന്ത് നന്നായേനേ. അതിരുകളില്ലാത്ത സാഹോദര്യം മനുഷ്യകുലത്തെ ഒന്നിച്ചുനിര്‍ത്തുന്ന സ്‌നേഹം''. ജീവന്‍ മാഷ് തുടര്‍ന്നു.
''കുട്ടികളെ നിങ്ങള്‍ക്കറിയാമോ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി ഓരോ രാജ്യവും ചെലവഴിക്കുന്ന ധനം, ഊര്‍ജം, അധ്വാനം എത്ര അധികമാണെന്ന്!
ഞെട്ടിക്കുന്ന കണക്കുകളാണ് അവ. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക സുരക്ഷയ്ക്ക് വേണ്ടി ചെലവിടുന്ന തുക പ്രതിവര്‍ഷം 600 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് , അതേതാണ്ട് 39,60,000 കോടി ഇന്ത്യന്‍ രൂപ വരും. ചൈന ഏതാണ്ട് 200 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ചെലവഴിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയില്‍ 13,20,000 കോടിവരും. നമ്മുടെ രാജ്യവും വലിയ തുക സുരക്ഷക്കായ് ചെലവഴിക്കുന്നുണ്ട്. 2015 ലെ ബജറ്റ് പ്രകാരം 2,46,727 കോടി രൂപയാണ് നാം രാജ്യസുരക്ഷയ്ക്കായി വകയിരുത്തിയത്.
നമ്മുടെ തന്ത്രപ്രധാന മേഖലയായ സിയാച്ചിനില്‍ ഒരു ദിവസത്തെ സുരക്ഷക്കായി വേണ്ടിവരുന്നത് അഞ്ചു കോടി രൂപയാണ്. കൂടുതല്‍ ലളിതമായ ഒരു കണക്കു പറയാം. ഏഴു രൂപയോളം വിലവരുന്ന ഒരു ചപ്പാത്തി സിയാച്ചിനിലെത്തുമ്പോഴേക്കും 100 രൂപയാവും. അത്രയേറെ ദുഷ്‌കരമായ ഒരു ഭൂഭാഗമാണ് മഞ്ഞുമലകള്‍ നിറഞ്ഞ സിയാച്ചിന്‍, ഒരുപാട് കഷ്ടതകള്‍ സഹിച്ചാണ് നമ്മുടെ പട്ടാളക്കാര്‍ അവിടെ കാവല്‍നില്‍ക്കുന്നത്. തണുത്തുറഞ്ഞ പ്രദേശമായതിനാല്‍ ഓരോ രണ്ട് ദിവസത്തിലും ഒരു പട്ടാളക്കാരന്‍ എന്ന നിലയ്ക്ക് സിയാച്ചിനില്‍ മരിക്കുന്നുണ്ട്.
നമ്മുടെ രാജ്യം മാത്രമല്ല ഇതര ലോകരാഷ്ട്രങ്ങളും സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി അവരവരുടെ ശേഷിക്കനുസരിച്ച് ഏറിയും കുറഞ്ഞും ധനം ചെലവഴിക്കുന്നുണ്ട്. ശരിക്കാലോചിച്ചാല്‍ ദേശാതിരുകളുടെ വേര്‍തിരിവും ശത്രുതയുമില്ലാതെ എല്ലാവരും തങ്ങളുടെ സഹോദരീ സഹോദരന്മാരാണെന്നും ഒരൊറ്റ മനുഷ്യകുലത്തിന്റെ ഭാഗമാണെന്നും ചിന്തിച്ചാല്‍ ആരും ആര്‍ക്കും ഭീഷണിയാവാത്ത അവസ്ഥ സാധ്യമാവും. അപ്പോള്‍ സുരക്ഷയ്ക്കും പ്രതിരോധത്തിനും കാവലിനുമൊക്കെയായി ചെലവിടുന്ന തുക അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനായി നീക്കിവയ്ക്കാനാവും''.
ഒന്നു നിര്‍ത്തി ജീവന്‍ മാഷ് തുടര്‍ന്നു
''യുദ്ധങ്ങളില്ലാത്ത ലോകം! എത്ര മനോഹരമായിരിക്കും, എത്ര ബൃഹത്തായിരിക്കും ആ ലോകം!''.
പറഞ്ഞവസാനിപ്പിച്ച് മാഷ് ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ പതിയെ ബസിനുനേരെ നടന്നു. അതിര്‍ത്തിയില്‍നിന്ന് തിരികെ മടങ്ങുമ്പോള്‍ കുട്ടികളില്‍ ചിലരെങ്കിലും അതിരുകളില്ലാത്ത ലോകം സ്വപ്‌നംകാണാന്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."