ജില്ലാ പൊലിസിനെ വിഭജിച്ചു; ഇനി കണ്ണൂര്‍ സിറ്റി, റൂറല്‍ പൊലിസ്
കണ്ണൂര്‍: ജില്ലയിലെ പൊലിസിനെ രണ്ടായി തിരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കണ്ണൂര്‍ സിറ്റി പൊലിസ്, കണ്ണൂര്‍ റൂറല്‍ പൊലിസ് എന്നിങ്ങനെയാണ് ജില്ലയിലെ പൊലിസ് സംവിധാനം രണ്ടായി തിരിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ജില്ലാ പൊലിസിനെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവയായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നല്കിയ അപേക്ഷ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസിനു പുതിയ സിറ്റി പൊലിസ് കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും നിലവില്‍ വരും. ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ കണ്ണൂര്‍ ഉണ്ടാകിനിടയില്ലെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന് സുപ്രഭാതത്തോടു പറഞ്ഞു.
നിലവിലെ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രമായിരിക്കും കണ്ണൂരിലെ പ്രഥമ സിറ്റി പൊലിസ് കമ്മിഷണര്‍. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് അസിസ്റ്റന്റ് സിറ്റി പൊലിസ് കമ്മിഷണറാകും. കണ്ണൂര്‍ റൂറല്‍ എസ്.പി തസ്തികയും നിലവില്‍ വരും. കണ്ണൂര്‍ കോര്‍പറേഷനും കണ്ണൂര്‍ വിമാനത്താവളവും മലയോരത്തെ മാവോയിസ്റ്റ് സാന്നിധ്യവും കണക്കിലെടുത്താണ് ജില്ലാ പൊലിസിനെ രണ്ടായി വിഭജിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
അടുത്തമാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവള പൊലിസും നിലവില്‍ ഇരിട്ടി സബ് ഡിവിഷനിലുള്ള മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനും ഇനിമുതല്‍ കണ്ണൂര്‍ സിറ്റി പൊലിസിനു കീഴിലുള്ള കണ്ണൂര്‍ പൊലിസ് ഡബ് ഡിവിഷനിലാണു വരിക. കണ്ണൂര്‍ സിറ്റി പൊലിസിനു കീഴില്‍ നിലിവിലെ കണ്ണൂര്‍, തലശ്ശേരി പൊലിസ് സബ് ഡിവിഷനുകളും കണ്ണൂര്‍ റൂറല്‍ പൊലിസിനു കീഴില്‍ ഇരിട്ടി, തളിപ്പറമ്പ് പൊലിസ് സബ്ഡിവിഷനുകളുമാണു വരിക. കണ്ണൂര്‍ റൂറല്‍ പൊലിസിനു കണ്ണൂര്‍ നഗരത്തിനു പുറത്ത് ആസ്ഥാനം നിലവില്‍ വരും. നേരത്തെ വിമാനത്താവളവും പരിഗണിച്ച് കണ്ണൂരില്‍ ആസ്ഥാനം പണിയാനായിരുന്നു ജില്ലാ പൊലിസിന്റെ തീരുമാനം. എന്നാല്‍ മട്ടന്നൂര്‍ കണ്ണൂര്‍ സിറ്റി പൊലിസിനു കീഴിലാക്കി ഉത്തരവിറങ്ങിയതിനാല്‍ മാങ്ങാട്ടുപറമ്പില്‍ റൂറല്‍ പൊലിസ് ആസ്ഥാനം പണിയാനാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."