മുന്നണികളില്‍ സീറ്റു കിട്ടി; ജനവിധിയില്‍ സീറ്റില്ല
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളില്‍ കയറിപ്പറ്റിയെങ്കിലും ചെറുകക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നിരാശ തന്നെ. വല്യേട്ടന്മാര്‍ നേട്ടമുണ്ടാക്കിയെങ്കിലും മുന്നണികള്‍ക്കുള്ളില്‍ പ്രധാന പാര്‍ട്ടികള്‍ ഒഴികെ ആരും തന്നെ രണ്ടക്കം കടന്നില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവസാന ചിത്രം വ്യക്തമാക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മിനുമാണ് നേട്ടം. യു.ഡി.എഫിലാകട്ടെ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും തന്നെയാണ് നേട്ടം. സി.പി.എമ്മിന് 7,982 സീറ്റില്‍ നിന്ന് 8,190 സീറ്റായി വര്‍ധിച്ചപ്പോള്‍ സി.പി.ഐയ്ക്ക് ആകെ പത്ത് സീറ്റിന്റെ വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. 1,273 ല്‍ നിന്ന് 1,283 സീറ്റായിട്ടാണ് കൂടിയത്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 5,784 സീറ്റില്‍ നിന്ന് 5,551 സീറ്റായി കുറഞ്ഞപ്പോള്‍ മുസ്‌ലിം ലീഗ് 2,120 സീറ്റില്‍ നിന്ന് 11 സീറ്റു കൂടുതല്‍ നേടി കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷി എന്ന നില ഭദ്രമാക്കി. ഇരുമുന്നണികളിലുമായി നിലകൊണ്ട കേരള കോണ്‍ഗ്രസുകളില്‍ ജോസ് കെ മാണി 355 സീറ്റ് നേടിയപ്പോള്‍ പി.ജെ. ജോസഫ് പക്ഷം യു.ഡി.എഫില്‍ 255 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അക്കൗണ്ടില്‍ 630 സീറ്റാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളിലെയും പ്രധാനപ്പെട്ട ആറ് കക്ഷികള്‍ ഒഴികെ എല്ലാവരും രണ്ടക്കത്തില്‍ ഒതുങ്ങി. മൂന്ന് മുന്നണികളിലുമായി മത്സരിച്ച അഞ്ച് പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് ഒരാളെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് സ്‌കറിയ, ബി.ഡി.ജെ.എസ്, ലോക് ജനശക്തി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ആര്‍.എസ്.പി (എല്‍.എം), ബി.എസ്.പി, ജെ.എസ്.എസ്, എം.എല്‍.പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റു മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച 20 രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരൊറ്റ സീറ്റില്‍ പോലും വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുന്നണി മാറിയവരും
മാറാത്തവരും മെലിഞ്ഞു
മുന്നണി മാറി എല്‍.ഡി.എഫിലെത്തിയ ലോക് താന്ത്രിക് ജനതാദളിന് ആകെ സീറ്റുകള്‍ 97 ല്‍ നിന്ന് 88 ആയി ചുരുങ്ങി. ജനതാദള്‍ എസ് 81 ല്‍ 72 ലേക്കും എന്‍.സി.പി 59 ല്‍ 48 ലേക്കും കോണ്‍ഗ്രസ് എസ് 13 ല്‍ നിന്ന് ആറിലേക്ക് ചുരുങ്ങി. 32 സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ഒരു സീറ്റിലേക്ക് ഒതുങ്ങി. 22 ല്‍ നിന്ന് 29 ലേക്ക് ഐ.എന്‍.എല്ലും 19 ല്‍ നിന്ന് 23 ലേക്ക് കേരള കോണ്‍ഗ്രസ് ബി യും എത്തി നേരിയ നിലയില്‍ മെച്ചപ്പെട്ടു. പുതിയതായി വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനാകട്ടെ വെറും 19 സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. യു.ഡി.എഫില്‍ ആര്‍.എസ്.പി 54 ല്‍ നിന്ന് 51 ലേക്കും കേരള കോണ്‍ഗ്രസ് ജേക്കബ് 33 ല്‍ നിന്ന് 29 ലേക്കും സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ മുന്നണി മാറി യു.ഡി.എഫില്‍ എത്തിയ ഫോര്‍വേഡ് ബ്‌ളോക്ക് പൂജ്യത്തിലൊതുങ്ങി. 12 സീറ്റുണ്ടായിരുന്ന സി.എം.പിയും ഒരു വാര്‍ഡില്‍ പോലും ജയിച്ചില്ല. എന്നാല്‍ ഭാരതീയ നാഷനല്‍ ജനതാദളിന് അഞ്ച് സീറ്റ് നേടാന്‍ കഴിഞ്ഞു.
എസ്.ഡി.പി.ഐയ്ക്കും
വെല്‍ഫെയറിനും നേട്ടം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ധാരണയിലെത്തി മത്സരിച്ചതോടെ ഏഴില്‍ നിന്ന് 27 ആയി സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ച എസ്.ഡി.പി.ഐ 40 സീറ്റില്‍ നിന്ന് 95 ആയും ട്വന്റി-ട്വന്റി കിഴക്കമ്പലം 75 സീറ്റായും വര്‍ധിപ്പിച്ചു നേട്ടം ഉണ്ടാക്കി. ആര്‍.എം.പി 20 സീറ്റും കെ.ജെ (എസ്) എട്ടും പി.ഡി.പി അഞ്ചും നാഷനല്‍ സെക്യൂലര്‍ കോണ്‍ഫ്രന്‍സ് അഞ്ചും സീറ്റാണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."