അകന്നുപോയ വോട്ടുബാങ്ക് തിരിച്ചുപിടിക്കാന്‍ സി.പി.എമ്മിന്റെ ഭവന സന്ദര്‍ശന പരിപാടി
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: അകന്നുപോയ അണികളെ തിരികെ കൊണ്ടുവരാന്‍ സി.പി.എമ്മിന്റെ ഭവന സന്ദര്‍ശന പരിപാടി ആരംഭിച്ചു. വരുന്ന ഞായറാഴ്ച വരെ വിവിധ സമയങ്ങളില്‍ കേരളത്തിലെ വീടുകളിലേക്ക് സ്‌നേഹവും സന്തോഷവും പരാതിയും പരിഭവവും പങ്കുവയ്ക്കാന്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമെത്തും.
ശബരിമല വിഷയത്തെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയവും ബിനോയ് കോടിയേരി വിഷയവും അവസാനമായി വന്ന യൂനിവേഴ്‌സിറ്റി കോളജ് വിഷയവുമടക്കം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സി.പി.എം വീടുകള്‍ കയറി ഇറങ്ങി വിശദീകരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനമെടുത്തത്.
അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. പാര്‍ട്ടി വോട്ടുകള്‍ തിരിച്ചുപിടിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈവിട്ടു പോകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൂടാതെ പ്രളയ പുനര്‍നിര്‍മാണ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മാധ്യമങ്ങള്‍ കൂട്ടത്തോടെ സര്‍ക്കാരിനെ ആക്രമിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കുകയും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ താറടിക്കുകയും ചെയ്യുന്നു. ഇതുകൂടി മാറ്റി എടുക്കാനാണ് ഭവന സന്ദര്‍ശനം സി.പി.എം ലക്ഷ്യംവയ്ക്കുന്നത്.
മാധ്യമങ്ങള്‍ കുപ്രചാരണം നടത്തുന്നുവെന്നും വലതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചത്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ചില മാധ്യമങ്ങള്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരത്തില്‍ മാധ്യമ വാര്‍ത്തകളിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
ഇന്നലെ തിരുവനന്തപുരം ജില്ലയിലെ ജനറല്‍ ആശുപത്രി ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ വീടുകള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംവദിച്ചു.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചും കോര്‍പറേഷനെ പറ്റിയും പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വങ്ങളെ സംബന്ധിച്ചും പ്രവര്‍ത്തന രീതികളില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ പലരും ആഴത്തില്‍ സംസാരിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ട്. അത്തരം അഭിപ്രായങ്ങളെ ഗൗരവപൂര്‍വം പരിഗണിച്ചു. അഭിനന്ദനങ്ങളെയും നല്ല വാക്കുകളെയും എളിമയോടെ സ്വീകരിച്ചു.
ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ലഭിക്കുന്ന റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്ത് തിരുത്തല്‍ വേണ്ട കാര്യങ്ങളില്‍ തിരുത്തലുണ്ടാകുമെന്ന് കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."