എയ്ഡഡ് സ്ഥാപന മേധാവികള്‍ക്ക് ഇനി ശമ്പളം സ്വയം മാറിയെടുക്കാം; ഉത്തരവിറങ്ങി
സ്വന്തം ലേഖകന്‍
നിലമ്പൂര്‍: സംസ്ഥാനത്തെ എയ്ഡഡ് കോളജ്, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇനി നേരിട്ട് ശമ്പള ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കാം. ഇവര്‍ക്കു പുറമെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ശമ്പളം നേരിട്ടു വാങ്ങാം. എല്ലാ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികളെയും ഡ്രോയിങ് ഓഫിസര്‍മാരാക്കി സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി.
പലയിടങ്ങളിലും ശമ്പള ബില്‍ മാറുന്നതിനു കാലതാമസം നേരിടുന്നത് ഇനി ഒഴിവാകും. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഡ്രോയിങ് ഓഫിസര്‍മാരല്ലാതിരുന്നതിനാല്‍ ഇക്കാലമത്രയും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാസത്തിന്റെ പകുതിയോടു കൂടി മാത്രമാണ് ശമ്പളം ലഭ്യമാക്കാനായിരുന്നത്.
നിലവില്‍ സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ തയാറാക്കുന്ന ശമ്പള ബില്ലുകള്‍ അതാത് മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസില്‍ ഹാജരാക്കുകയും പരിശോധനകള്‍ക്കു ശേഷം അംഗീകാരം ലഭിക്കുന്ന ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്നു പോന്നിരുന്നത്. ഇതു ശമ്പളം ലഭിക്കുന്നതിന് വലിയതോതിലാണ് കാലതാമസം വരുത്തിയിരുന്നു.
ഈ ബുദ്ധിമുട്ട് ഇനി മാറും. എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ട്രെയിനിങ് കോളജുകള്‍, എന്‍ജിനിയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നീ സ്ഥാപനങ്ങളിലെയും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും ജീവനക്കാരുടെയും വളരെ നാളുകളായുള്ള ആവശ്യമായിരുന്നു പ്രിന്‍സിപ്പല്‍മാരെ സെല്‍ഫ് ഡ്രോയിങ് ഓഫിസര്‍മാരാക്കണമെന്നത്. ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നതോടെ വായ്പ തിരിച്ചടവ്, മറ്റുള്ള അടവുകള്‍ എന്നിവയുടെയെല്ലാം പിഴ ഒഴിവാക്കാന്‍ കഴിയുമെന്നതാണ് പുതിയ ഉത്തരവിന്റെ ഏറ്റവും വലിയ ഗുണം. കൂടാതെ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസുകളില്‍ ഇതോടെ തിരക്കു കുറയും.
ഇതേ ഓഫിസുകളില്‍ നിന്ന് അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ലഭിക്കേണ്ട മറ്റു സേവനങ്ങള്‍ കൃത്യമായി ലഭിക്കാന്‍ പുതിയ ഉത്തരവ് ഏറെ സഹായകമാകും. ജീവനക്കാരുടെ പെന്‍ഷന്‍, ക്ഷാമബത്ത, ഇന്‍ക്രിമെന്റ്, പ്രൊമോഷന്‍ എന്നിവയെല്ലാം സമയബന്ധിതമായി നല്‍കാനും ഓഡിറ്റ് കൃത്യമായി നടത്താനും പുതിയ സാഹചര്യം വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."