ക്രിസ്മസും പുതുവത്സരാഘോഷവും കരുതലേറെ വേണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ക്രിസ്മസ്, പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ വ്യാപനം കൂടി വരികയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി.
മതപരമായ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്.
ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊതുയിടങ്ങളിലെ ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം. പൊതുസ്ഥലങ്ങളില്‍ മൂന്ന് ലെയറുകളുള്ള കോട്ടണ്‍ മാസ്‌കോ എന്‍95 മാസ്‌കോ ഉപയോഗിക്കണം.
കടകളിലും മറ്റുപൊതുസ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം.
മാസ്‌ക് താഴ്ത്തിവച്ചിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം. ഹൃദ്രോഗം , വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും വയസായവരും വീടുകളില്‍ കഴിയുകയാണെങ്കിലും സന്ദര്‍ശകര്‍ വരുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്.
വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ 7 ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ താമസിക്കുന്നുണ്ടെങ്കില്‍ കൊവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."